Trending News





കോഴിക്കോട്: 39 വർഷം മുമ്പ് നടന്ന യുവാവിൻ്റെ മരണം അന്വേഷിക്കുകയാണ് തിരുവമ്പാടി പോലീസ്. 1986 ൽ നടന്ന അസ്വാഭാവിക മരണം കൊലപാതകമോ എന്നത് തെളിയിക്കാൻ പോലീസിന് മുന്നിൽ പ്രതിയുണ്ട്. പക്ഷേ മരണപ്പെട്ട ആൾ ആരാന്നോ, കുടുംബം ആരാണെന്നും കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. ആകെ കുഴഞ്ഞുമറിയുന്ന കേസ്. ചുരുക്കിപ്പറഞ്ഞാൽ വലിയ തലവേദനയുണ്ടാക്കുന്ന കേസാണ് ഇപ്പോൾ 39 വർഷത്തിന് ശേഷം തലപൊക്കിയത്.
Also Read
സംഭവം ഇങ്ങനെ: മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിൽ ജൂൺമാസം അഞ്ചാം തീയതി മുഹമ്മദ് എന്ന 54കാരൻ എത്തി ഒരു വെളിപ്പെടുത്തൽ നടത്തി. 39 വർഷങ്ങൾക്കു മുമ്പ് തന്നെ ഉപദ്രവിച്ച ഒരാളെ താൻ കൊലപ്പെടുത്തി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ആരും അറിയാത്ത ഈ കഥ മനസ്സിൽ മായാത്ത നോവായി കിടക്കുന്ന കുറ്റബോധം കൊണ്ടാണ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആരെ ആയിരുന്നു നിങ്ങൾ കൊലപ്പെടുത്തിയത് എന്ന പോലീസിൻ്റെ ചോദ്യം ഉടൻ വന്നു. ഉത്തരം പോലീസിനെ കൂടുതൽ കുഴപ്പിച്ചു. മാത്രവുമല്ല ഇതാണ് ഇപ്പോൾ തലവേദന ഉണ്ടാക്കുന്നതും. അദ്ദേഹത്തിൻ്റെ ഉത്തരം ഇതായിരുന്നു. കൊല്ലപ്പെട്ട ആൾ ആരെന്നോ, ഏത് നാട്ടുകാരനെന്നും അറിയില്ല. ഞാൻ അദ്ദേഹത്തെ തള്ളിയിട്ട് കൊന്നു. അന്ന് എന്നിക്ക് 14 വയസ്സ് പ്രായം, അദ്ദേഹം എന്നെ ലൈംഗികമായി ഉപദ്രവിച്ചു. അതിലുള്ള ദേഷ്യം അദ്ദേഹം തോട്ടിൻ കരയിൽ നിക്കുമ്പോൾ തള്ളിയിട്ടു, ഇതാണ് സംഭവിച്ചത്.
1986 ൽ അന്ന് തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൂടരഞ്ഞിയിലാണ് സംഭവം. ആ സമയം ആൻറണി എന്നായിരുന്നു തൻ്റെ പേര്, പിന്നീട് മതം മാറി മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി. സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്തു. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് തിരുവമ്പാടി പോലീസിന് കൈമാറിയത്. മുഹമ്മദ് പറയുന്ന സമയം ഈ പ്രദേശത്ത് ഒരു അസ്വാഭാവികം മരണം നടന്നതായാണ് പോലീസ് പറയുന്നത്. അസ്വാഭാവികം മരണം സ്ഥിരീകരിച്ച പോലീസ് നാട്ടുകാരിൽ നിന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുകയാണ്. 1986 രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണത്തിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഹമ്മദ് പറയുന്ന സമയം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മരണകാരണം ലെങ്സിൽ വെള്ളം കയറിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. മുങ്ങിമരണമായണ് കരുതിയത്.
സംഭവത്തിൽ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മുഹമ്മദിനെ രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിൻ്റെ എന്തെങ്കിലും തെളിവോ കൊല്ലപ്പെട്ട ആളുടെ എന്തെങ്കിലും വിവരമോ കണ്ടെത്താൻ തിരുവമ്പാടി പോലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. കൂടുതൽ കാര്യങ്ങൾ ഇയാളുടെ കൂടരഞ്ഞിയിലെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും പോലീസ് ശേഖരിക്കുന്നുണ്ട്.

Sorry, there was a YouTube error.