
തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ പൊതു സമ്മേളനത്തിന് തുടക്കം. ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിൻ്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനാണു ലോക കേരള സഭ. പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഒരു പൊതുവേദി എന്നതാണ് ലോക കേരള സഭയുടെ സംഗമം കൊണ്ട് സാധ്യമാക്കുന്നത്.

കേരളം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലും പല പ്രത്യേകിച്ച് പ്രളയം, കോവിഡ്, ഉക്രൈൻ യുദ്ധം തുടങ്ങിയവയിൽ ലോക കേരള സഭാംഗങ്ങളുടെ സേവനം ശ്ലാഘനീയമായിരുന്നു. 351 അംഗ സഭയിൽ, കേരളത്തിലെ നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്ത്, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ (എൻ.ആർ.കെ), മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നു.
അംഗങ്ങളെ കൂടാതെ വിവിധ മേലഖലകളിൽ പ്രാഗൽഭ്യം നേടിയ പ്രവാസി കേരളീയരെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും. അംഗങ്ങളുടെ ചുരുക്ക പട്ടിക പ്രകാരം, മൂന്നാം ലോക കേരള സഭയിൽ, കുറഞ്ഞത് 65 രാജ്യങ്ങളുടെയും 21 സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉണ്ട്. കൂടാതെ ഇരുപത് ശതമാനത്തോളം വനിതാ പ്രാതിനിധ്യവും.
