
ഉദുമ / കാസർകോട്: കാട്ടുപന്നിയെ കൊല്ലാൻ കെണി വെച്ച തോക്കിൽ നിന്നും വെടിയുതിർന്ന് കർഷകൻ മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 14-ന് രാവിലെയാണ് കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ സി.പി.ഐ നേതാവ് എം.മാധവൻ നമ്പ്യാർ (65) കാട്ടുപന്നിക്ക് വെച്ച തോക്ക് കെണിയിൽപ്പെട്ട് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഇദ്ദേഹത്തിൻ്റെ വീടിന് സമീപത്ത് പ്ലാവിലെ ചക്ക പറിക്കാൻ പോയപ്പോഴാണ് അനധികൃതമായൊരുക്കിയ കെണിയിൽത്തട്ടി മാധവൻ നമ്പ്യാരുടെ ജീവൻ നഷ്ടമായത്. തോക്കിൻ്റെ കാഞ്ചിയിൽ കെട്ടിയ ചരടിൽ അബദ്ധത്തിൽ തട്ടിയതോടെ തോക്കിൽ നിന്നും വെടിയുതിരുകയായിരുന്നു.

മുട്ടിന് താഴെ വെടിയേറ്റ ഇദ്ദേഹത്തെ പ്രദേശ വാസികൾ വളരെ വൈകിയാണ് കണ്ടെത്തിയത്. ഒരുപാട് രക്തം വാർന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വ്യാഴാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗമായ മാധവൻ നമ്പ്യാരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുപറമ്പിൽ സംസ്കരിച്ചു.
പനയാലിലെ ശ്രീഹരി എന്നയാളാണ് കട്ടുപന്നിയെ പിടിക്കാൻ കെണിയൊരുക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തോക്കിന് ലൈസൻസുണ്ടോ എന്നും കൂട്ടുപ്രതികളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘങ്ങളായി ചേർന്ന് കാട്ടുമൃഗങ്ങളെ പിടികൂടാൻ തോക്കും പന്നി പടക്കങ്ങളും പ്രയോയോഗിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതായി കർഷകർ പരാതിപ്പെടുന്നുണ്ട്.
