Categories
entertainment Kerala news

കെ എസ് എഫ് ഡി സി നിർമ്മിക്കുന്ന “മുംത” യുടെ ചിത്രീകരണം ആരംഭിച്ചു

കാസറഗോഡ്: സംവിധായിക ഫർസാന പി. ഒരുക്കുന്ന സിനിമയായ “മുംത” യുടെ സ്വിച്ച് ഓൺ കർമ്മം തിങ്കളാഴ്ച്ച നടന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) നിർമ്മിക്കുന്ന ചിത്രത്തിൻ്റെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും പ്രധാന ചുമതല വഹിക്കുന്നത് സ്ത്രീകളാണ്. ആദ്യദിന ചിത്രീകരണത്തിൻ്റെ ലൊക്കേഷനായ കാസർകോട് ജില്ലയിലെ ബേള ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി (ട്രൈബ് ) സമീപമാണ് സ്വിച്ച് ഓൺ ചടങ്ങ് നടന്നത്. ചടങ്ങിൽ തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ സ്വിച്ച് ഓൺ നിർവഹിച്ചു. കാസർഗോഡ് എസ് പി ശിൽപ്പ ദ്യവയ്യ ക്ലാപ്പ് നൽകി. സന്തോഷ് കീഴാറ്റൂർ, കെ.എസ്.എഫ്.ഡി.സി ബോർഡ് അംഗം ഷെറി ഗോവിന്ദ് എന്നിവർ ഉൾപ്പെടെ പങ്കെടുത്തു.

ഇന്ത്യയിൽ ആദ്യമായി ആണ് സ്ത്രീകളുുടെ സംവിധാനത്തിലുള്ള സിനിമ ഒരു സർക്കാർ നിർമ്മിക്കുന്നതെന്ന് എം.രാജഗോപാലൻ എം.എൽ.എ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിൻ്റെ വ്യത്യസ്ത മാതൃകയാണ് ഈ പദ്ധതിയിലൂടെ കേരളം ഇന്ത്യയിക്ക് നൽകുന്നത്. കോസർഗോഡുകാരിയായ സംവിധായികയുടെ സിനിമയിൽ കാസർഗോഡിൻ്റെ സാമൂഹിക സാംസ്കാരിക സവിശേഷതകൾ ഉൾപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീ ശാക്തീകരണം വാക്കുകളിൽ പലയിടങ്ങളിലും കേട്ടിട്ടുണ്ടെങ്കിലും കൺമുന്നിൽ കാണാവുന്ന മാതൃകയാണ് ഈ വനിതാ സിനിമ പദ്ധതി എന്ന് ശിൽപ ദ്യവയ്യ പറഞ്ഞു. സിനിമയുടെ ഛായാഗ്രാഹണം ഫൗസിയ ഫാത്തിമ, ലൈൻ പ്രൊഡ്യൂസർ രത്തീന, ചിത്രസംയോജനം വീണ ജയപ്രകാശ് തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും നയിക്കുന്നത് സ്ത്രീകളാണെന്ന് സംവിധായിക ഫർസാന പി. പറഞ്ഞു. മുംത എന്നു പേരായ ഒരു കൗമാരക്കാരി പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. സംസ്ഥാന സർക്കാരിൻ്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി നിർമ്മിക്കുന്ന ആറാമത്തെ ചലച്ചിത്രമാണ് “മുംത”.

0Shares

Leave a Reply

Your email address will not be published. Required fields are marked *