
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ വിദ്യാഭ്യാസ കായിക പ്രോത്സാഹന പദ്ധതിയായ ”സക്സസ് ഫിയസ്റ്റ” യുടെ ഭാഗമായി യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും ചാമ്പ്യന്‍ഷിപ്പിലൂടെ മികച്ച താരങ്ങളെ കണ്ടെത്തി നഗരസഭാ തലത്തില്‍ ടീം രൂപീകരിക്കുമെന്നും ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പുത്തനുണര്‍വ്വേകിക്കൊണ്ട് നവംബര്‍ മാസത്തിലായിരിക്കും ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുക. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നഗരസഭ ഫുട്ബോള്‍ കിറ്റ് നല്‍കും. ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങളും തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ ഹോം എവേ മത്സരങ്ങളും അടക്കം വര്‍ണ്ണശബളമായ ചാമ്പ്യന്‍ഷിപ്പൊരുക്കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനാ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍ സിദ്ധീഖ് ചക്കര, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, സ്കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍, കായിക അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

