
കാസർകോട്: കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചിലവിട്ടത് 3500 കോടി രൂപയാണെന്ന് കായികം, വഖഫ് ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. എന്‍മകജെ ഗ്രാമ പഞ്ചായത്ത് ബജക്കുടല്‍ മിനി കളിക്കളം പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പഞ്ചായത്തില്‍ ഒരു കായിക പരിശീലകനെയെങ്കിലും നിയമിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന കായിക നയത്തിൻ്റെ ഭാഗമായി സ്‌പോര്‍ട്‌സിലേക്ക് വരുന്ന യുവാക്കളുടെ കായിക ക്ഷമത ഉറപ്പുവരുത്തുകയും വിവിധ പദ്ധതികളുടെ ഭാഗമായി സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കുകയും ചെയ്യും. ഡിജി കേരള പദ്ധതിയുടെ ഭാഗമായി എന്‍മകജെ ഗ്രാമ പഞ്ചായത്തിനെ മന്ത്രി സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച പഞ്ചായത്തായി പ്രഖ്യാപിച്ചു. കേരളത്തിൻ്റെ അഭിമാന പദ്ധതിയാണ് ഡി.ജി കേരളം പദ്ധതിയെന്നും പഞ്ചായത്തിലെ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ സാക്ഷരത കൈവരിച്ചത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ കേരള അസിസ്റ്റന്റ് എന്‍ജിനീയര്‍ നസിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല റഹീം, എന്‍മകജെ പഞ്ചായത്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സൗദാബി ഹനീഫ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബി.എസ് ഗംഭീര്‍, എന്‍മകജെ പഞ്ചായത്ത് മെമ്പര്‍മാരായ മഹേഷ് ഭട്ട്, ശശിധര, രാമചന്ദ്ര, നരസിംഹ പൂജാരി, കുസുമാവതി, സറീന മുസ്തഫ, ഉഷാകുമാരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജലജാക്ഷി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മായില നായിക് ബജകൂഡ്ലു, എ.കെ ശരീഫ്, രവി കുടുവ, ഈശ്വര പ്രസാദ് പമ്പത്തടുക്ക, രാമാനന്ദ ഗോള്‍വാള്‍ക്കര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ് നന്ദിയും പറഞ്ഞു.
എന്മകജെ പഞ്ചായത്ത് പരിധിയിലെ ബജകുടലില്‍ നിര്‍മിക്കുന്ന മിനി സ്റ്റേഡിയത്തില്‍ മഡ് ഫുട്ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ഫെന്‍സിംഗ് കോമ്പൗണ്ട് വാളുകള്‍, ഡ്രയിന്‍, ഗേറ്റ്,സ്റ്റെപ്പ് ഗാലറി ആന്‍ഡ് സ്റ്റേജ്, ടോയ്ലറ്റ് കം ഓഫീസ് കെട്ടിടങ്ങള്‍, അനുബന്ധ ഇലക്ട്രിക് പ്രവര്‍ത്തികള്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. സെവന്‍ ഫുട്ബോള്‍ സ്റ്റാന്‍ഡേര്‍ഡ് സൈസ് ആണ് മൈതനിക്കുള്ളത്. 22079 സ്‌ക്വയര്‍ ഫീറ്റാണ് ആകെ വിസ്തീര്‍ണം. ഒരുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിൻ്റെ നിര്‍മ്മാണം ആറുമാസം കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.
