Categories
articles Kerala local news sports

കായിക മേഖലയിൽ കാസർഗോഡ് ജില്ലയ്ക്ക് പുത്തനുണർവ്; മഞ്ചേശ്വരം, എൺമഗജെ പഞ്ചായത്തുകളിലെ സ്റ്റേഡിയം, നിർമ്മാണ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിർവഹിച്ചു

മഞ്ചേശ്വരം (കാസറഗോഡ്): എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം വേണമെന്നത് സംസ്ഥാനത്തിൻ്റെ കായിക നയത്തിൻ്റെ ഭാഗമാണെന്നും മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം അഞ്ചു കോടിയുടെ കായിക പദ്ധതികള്‍ പുരോഗമിക്കുന്നതായും കായികം, വഖഫ് ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പഞ്ചായത്തില്‍ ഒരു കോടി രൂപ മുടക്കില്‍ നിര്‍മിക്കുന്ന കളിക്കളം പ്രവര്‍ത്തിയുടെ നിര്‍മ്മാണ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍കാലങ്ങളില്‍ കാസര്‍കോട് നേരിട്ട അവഗണന മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സ്റ്റേഡിയം നിര്‍മാണവും നീലേശ്വരം കായിക സമുച്ചയവും അതിനു തെളിവാണെന്നും അദേഹം പറഞ്ഞു.

മഞ്ചേശ്വരം പഞ്ചായത്ത് ഗ്രൗണ്ട് സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം കായികം, ഹജ്ജ് തീർത്ഥാടനം, വഖഫ് വകുപ്പുമന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കുന്നു

മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം അഞ്ച് കോടിയുടെ കായിക പദ്ധതികള്‍ പുരോഗമിക്കുകയാണ്. മഞ്ചേശ്വരം പഞ്ചായത്തില കളിക്കളം പദ്ധതി തുകയായ ഒരു കോടി രൂപയില്‍ 50 ലക്ഷം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം കായിക വകുപ്പ് ഫണ്ടില്‍ നിന്നുമാണ്. 356 നിര്‍മാണ പ്രവര്‍ത്തികള്‍ കായിക മേഖലയില്‍ സംസ്ഥാനത്താകെ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എൺമഗജെ പഞ്ചായത്ത് ഗ്രൗണ്ട് സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

എൺമഗജെ പഞ്ചായത്ത് ഗ്രൗണ്ട് സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം കായികം, ഹജ്ജ് തീർത്ഥാടനം, വഖഫ് വകുപ്പുമന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കുന്നു

എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കേരള ഫൌണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പി.എം മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദിക്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷംഷീന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ യാദവ ബഡാജെ, തുളു അക്കാദമി ചെയർമാൻ കെ.ആര്‍ ജയാനന്ദ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹനീഫ് പടിഞ്ഞാര്‍, അസീസ് ഹാജി, ഹരിശ്ചന്ദ്ര, ആര്‍.കെ ശ്രീധര, ഇബ്രാഹിം തൊക്കേ, എം. അബ്ദുല്‍ ഹമീദ്, ഗണപതി പൈ, വി ശ്രീവല്‍സ് എന്നിവര്‍ പങ്കെടുത്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മോന്തെരോ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest