
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന് അന്തിമോപചാരമർപ്പിക്കാൻ ജനങ്ങൾ ഒഴുകിയെത്തി. തലസ്ഥാനത്ത് ജനസാഗരമാണ്. തിരിച്ചുവരവില്ലാത്ത മടക്കവുമായി ദർബാർഹാളിലെ പൊതുദർശനത്തിന് ശേഷം വി.എസിൻ്റെ ഭൗതികദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോവുകയാണ്. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി യാത്രയാക്കുന്നത്. ഒരു നോക്ക് കാണാനായി വഴിയോരത്ത് കാത്തുനിൽക്കുന്നത് സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ്. ദേശീയപാതയിലൂടെ പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി ബസിലാണ് വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് വി.എസിൻ്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടില്‍ പൊതുദര്‍ശന ശേഷം നാളെ ബുധനാഴ്ച്ച രാവിലെ മുതൽ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ തന്നെ വി.എസ് അന്ത്യവിശ്രമം കൊള്ളും. “കണ്ണേ കരളേ വി.എസ്സേ” എന്ന മുദ്രാവാക്യം നാട് മുഴക്കെ ഉയരുകയാണ്. വിലാപ യാത്രയിൽ മുഴുവനും ജനങ്ങളുടെ സ്നേഹമാണ്.

വി.എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയായിരുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിട്ടുണ്ട്. ഇന്നലെ തികളാഴ്ച്ച വൈകിട്ട് 3.20നായിരുന്നു സമരനായകനായ വി.എസിൻ്റെ മരണം സംഭവിച്ചത്. 101 വയസ്സിലായിരുന്നു വി.എസ് ഈ ലോകത്തോട് വിടപറഞ്ഞത്.
