
ചട്ടഞ്ചാല്‍(കാസർകോട്): മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ് ഡിവിഷന്‍ പോലീസ് ഓഫീസും ഉൾപ്പെടുന്ന ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായ വിജയന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാതയോട് ചേർന്ന് ചട്ടഞ്ചാല്‍ ടൗണിലാണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 12000 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നു നിലകളിലായി പണി കഴിപ്പിച്ച കെട്ടിടത്തില്‍ താഴെ നിലയില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനും, രണ്ടാം നിലയില്‍ ബേക്കല്‍ സബ് ഡിവിഷന്‍ പോലീസ് ഓഫീസും പ്രവർത്തിക്കും. മൂന്നാം നില പൂര്‍ണ്ണമായും അന്വേഷണ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പി.ആര്‍.ഒ റൂം, എഴുത്ത് റൂം, കമ്പ്യൂട്ടര്‍ റൂം, ഇന്‍വെസ്റ്റിഗേഷന്‍ റൂം, ലോക്ക് ആപ്പ്, വിസിറ്റ് റൂം, ഡി.വൈ.എസ്.പി റൂം, എന്നീ സൗകര്യങ്ങളാണ് ബഹുനില കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.

മൂന്നു കോടി രൂപ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം രണ്ടര വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. കെ.പി.എച്ച്.സി.സി ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. 2019 ഫെബ്രുവരിയിലാണ് ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ അനുവദിച്ചത്. വാലിയ തുക വാടക നൽകിയായിരുന്നു സ്വകാര്യ കെട്ടിടത്തിൽ നീണ്ട അഞ്ച് വർഷം പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചത്. പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ നല്ല സൗകര്യത്തോടെ പോലീസുകാർക്ക് പ്രവർത്തിക്കാനാകും. ചട്ടഞ്ചാലിൽ നടന്ന ചടങ്ങിൽ ശിലാ ഫലക അനാച്ഛാദനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ഡി,വൈ,എസ്പി വി,വി മനോജ് തുടങ്ങിയവർ പങ്കെടുത്തു.
