വ്യക്തിഗത വിവരങ്ങൾ ചോർത്തിയാൽ 500 കോടി രൂപ പിഴ; കരട് ബില്‍ ഭേദഗതിയുമായി കേന്ദ്രസർക്കാർ

  • Post category:national / news
  • Reading time:1 min read
You are currently viewing വ്യക്തിഗത വിവരങ്ങൾ ചോർത്തിയാൽ 500 കോടി രൂപ പിഴ; കരട് ബില്‍ ഭേദഗതിയുമായി കേന്ദ്രസർക്കാർ

ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിഴ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു. 2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു.

അല്ലാത്തപക്ഷം സ്ഥാപനത്തിൻ്റെ വാര്‍ഷിക വിറ്റുവരവിൻ്റെ നാലുശതമാനം പിഴയായി ഒടുക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതാണ് ഭേദഗതി ചെയ്ത് പിഴ തുക വര്‍ധിപ്പിച്ചത്.ഡിജിറ്റല്‍ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് സ്ഥാപിക്കാനും കരട് രേഖ നിര്‍ദേശിക്കുന്നു.

ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുക. പ്രസ്തുത സ്ഥാപനം വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് അന്വേഷണത്തിൻ്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍ 500 കോടി രൂപ വരെ പിഴ ചുമത്താനാണ് പുതിയ വ്യവസ്ഥയില്‍ പറയുന്നത്. സ്ഥാപനത്തിന് പറയാനുള്ളത് കേട്ട ശേഷം മാത്രമേ പിഴ ചുമത്താന്‍ പാടുള്ളൂവെന്നും കരട് രേഖയില്‍ പറയുന്നു.

0Shares