
പട്ന(ബിഹാർ): മോദിയെയും നിതീഷ് കുമാറിനെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. ബിഹാറിൽ സ്ത്രീകൾക്ക് 10,000/- രൂപ നൽകുന്ന മോദിയുടെ പദ്ധതിയെ വിമർശിച്ചാണ് പ്രിയങ്ക രംഗത്ത് വന്നത്. ബിഹാറിലെ ജനങ്ങൾക്ക് നീതിയും ബഹുമാനവും ലഭിക്കണമെങ്കിൽ നിതീഷ് കുമാറിനെ പരാജയപ്പെടുത്തണമെന്ന് പ്രിയങ്ക പറഞ്ഞു. സ്ത്രീകൾക്ക് 10,000/-(പതിനായിരം) രൂപ നൽകുന്ന മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യം വെച്ചുള്ള നാടകമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി ബീഹാറിലെ സർക്കാർ ഒന്നും തന്നെ ചെയ്തില്ല. മോദിയും നിതീഷും ചേർന്ന് നിങ്ങളെ വഞ്ചിക്കുകയാണെന്നും ബിഹാറിൽ നടന്ന മഹിളാ സംവാദ് റാലിയിൽ സംസാരിക്കവേ പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിഹാറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർദ്ധിച്ചു. സ്ത്രീകൾ നിങ്ങളുടെ സ്വന്തം ശക്തി തിരിച്ചറിയണം. സ്ത്രീകളുടെ വോട്ട് ലഭിച്ചാൽ മാത്രമേ വിജയിക്കുമെന്ന് അമിത് ഷായും മോദിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പുതിയ പദ്ധതികളുമായി അവർ എത്തിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പണം നൽകുമ്പോൾ നിങ്ങൾ തിരിച്ചറിയണം അതിൽ എന്തോ ചതിയുണ്ടെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
ബിഹാറിലെ വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറുന്ന പദ്ധതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ‘മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന’ എന്ന സ്കീമിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 75 ലക്ഷം വനിതകള്‍ക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം.
