
പിലിക്കോട് (കാസർകോട്): കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിൻ്റെ ഒത്തൊരുമയും ഐക്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷങ്ങളുടെയും ‘എൻ്റെ കേരളം’ പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം കാസർകോട് കാലിക്കടവ് മൈതാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ൽ തകർന്നടിഞ്ഞു കിടന്ന നാടിൻ്റെ ഭരണസാരഥ്യമാണ് ജനങ്ങൾ സർക്കാരിനെ ഏൽപ്പിച്ചത്. നാടിനെ കാലോചിതമായി മാറ്റി വികസനം ഉറപ്പുവരുത്തുക എന്ന ദൗത്യവുമായി മുന്നോട്ട് പോയപ്പോൾ ഒന്നിനുപുറകെ ഒന്നായി ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, നൂറ്റാണ്ടിലെ മഹാ പ്രളയം, കോവിഡ് തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിൻ്റെ ഒത്തൊരുമയും ഐക്യവുമാണ്. ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ സംസ്ഥാനത്തിൻ്റെ കൂടെ നിന്ന് അതിജീവനം നേടാൻ സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്രസർക്കാർ ഒരു ഘട്ടത്തിലും ആവശ്യമായ സഹായം നൽകിയില്ല. നിഷേധാത്മക നിലപാട് സ്വീകരിക്കുകയും ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ അധികാരം ഉപയോഗിച്ച് തടയുകയും ചെയ്തു.
എന്നാൽ, ജനങ്ങൾ സർക്കാരുമായി സഹകരിച്ച് നിലപാടെടുത്തതിനാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. രാജ്യവും ലോകവും ആശ്ചര്യപൂർവ്വം കേരളത്തിൻ്റെ അതിജീവനം നോക്കിക്കണ്ടു. എല്ലാ സഹായവും നിഷേധിച്ച കേന്ദ്രസർക്കാരിൽ നിന്നുതന്നെ കേരളത്തിൻ്റെ മികവിനുള്ള പുരസ്കാരങ്ങൾ ഒന്നിനുപുറകെ ഒന്നായി വാങ്ങിക്കാൻ കഴിഞ്ഞു. എൽ.ഡി.എഫ് സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ആകാവുന്ന രീതിയിൽ പുരോഗതിയിലേക്ക് നയിക്കാനാണ് ശ്രമിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നടപ്പിലാക്കില്ലെന്ന് കരുതിയിരുന്ന പല പദ്ധതികളും സർക്കാരിന് നടപ്പിലാക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
