ജന ഹൃദയങ്ങളിൽ കൂടി സ്ഥാനം പിടിച്ചുപറ്റിയ സമർത്ഥനായ ഉദ്യോഗസ്ഥൻ; നിലവിൽ കണ്ണൂർ- കാസറഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി; രാഷ്ട്രപതിയുടെ പോലീസ് മെഡൽ സ്വന്തമാക്കുന്ന പി. ബാലകൃഷ്ണൻ നായരെ കുറിച്ച് ഈ സ്വാതന്ത്ര്യ ദിനത്തിൽ കൂടുതൽ അറിയാം..

You are currently viewing ജന ഹൃദയങ്ങളിൽ കൂടി സ്ഥാനം പിടിച്ചുപറ്റിയ സമർത്ഥനായ ഉദ്യോഗസ്ഥൻ; നിലവിൽ കണ്ണൂർ- കാസറഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി; രാഷ്ട്രപതിയുടെ പോലീസ് മെഡൽ സ്വന്തമാക്കുന്ന പി. ബാലകൃഷ്ണൻ നായരെ കുറിച്ച് ഈ സ്വാതന്ത്ര്യ ദിനത്തിൽ കൂടുതൽ അറിയാം..

കാസർകോട്: കാസർകോട് ജില്ലക്കാരനും കണ്ണൂർ കാസറഗോഡ് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പിയുമായ പി. ബാലകൃഷ്ണൻ നായർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്ത് കഴിവ് തെളിയിച്ച സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ബാലകൃഷ്ണൻ നായർ കാസർകോട്, കണ്ണൂർ ജില്ലയിലെ ജനങ്ങൾക്ക് സ്വീകാര്യനായ മുഖമാണ്. 2003 ൽ SI യായി പോലീസ് സേനയിൽ ചേർന്ന ബാലകൃഷ്ണൻ നായർ പരിശീലനത്തിനു ശേഷം എറണാകുളം, കൊല്ലം, കണ്ണൂർ എന്നി ജില്ലകളിൽ SI യായി സേവനമനുഷ്ടിച്ച ശേഷം 2008 ലാണ് സർക്കിൾ ഇൻസ്‌പെക്ടറായി വെള്ളരിക്കുണ്ട്, കണ്ണൂർ ടൌൺ, കണ്ണൂർ സിറ്റി, വളപട്ടണം, കാസറഗോഡ് എന്നീ സർക്കിളുകളിലും വിജിലൻസിലും ജോലി ചെയ്തത്. തുടർന്ന് 2017 ൽ DYSP ആയി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലും, കാസറഗോഡ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ, കണ്ണൂർ ടൗൺ എന്നീ സബ് ഡിവിഷനുകളിലും ജോലി ചെയ്തു. തുടർന്ന് 2004 ജൂലൈ മുതൽ കാസറഗോഡ് അഡിഷണൽ എസ്.പിയായി ജോലി ചെയ്തു. 2025 ജൂൺ മാസം എസ്.പിയായി വീണ്ടും സ്ഥാന കയറ്റം ലഭിച്ച അദ്ദേഹം നിലവിൽ കണ്ണൂർ, കാസറഗോഡ് ക്രൈം ബ്രാഞ്ച് എസ്.പിയായി ജോലി ചെയ്തു വരികയാണ്. സർവീസിൽ ഇത് വരെ മികച്ച സേവനത്തിനു 3 ബാഡ്ജ് ഓഫ് ഹോണരും നൂറിലധികം ഗുഡ് സർവീസ് എൻട്രികളും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും 22 പ്രശംസപത്രവും ലഭിച്ചിട്ടുണ്ട്. വീശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 2018 ൽ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് വിജിലൻസിലെ മികച്ച സേവനത്തിനു 2016 വർഷത്തിലെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുണ്ട്. ഇന്റലിജിൻസ് രംഗത്തെ മികച്ച സേവനത്തിനു 2017ലും 2018 ലും തുടർച്ചയായി ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ്.

സർവീസ് കാലയളവിൽ പ്രമാദമായ നിരവധി കേസുകൾക്ക്‌ തുമ്പുണ്ടാക്കിയ സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥനാണ് പി. ബാലകൃഷ്ണൻ നായർ. വെള്ളരിക്കുണ്ട് CI ആയിരിക്കെ ചിറ്റാരിക്കൽ, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ട 3 കൊലപാതക കേസുകളിലും പ്രതികൾക്ക് ജീവ പര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട 11വർഗീയ കൊലപാതക കേസുകളിൽ ആദ്യമായി പ്രതികളെ ശിക്ഷിച്ചത് ബാലകൃഷ്ണൻ നായർ അന്വേഷണം നടത്തിയ കേസിലാണ്. പ്രമാദമായ നിരവധി മോഷണ കേസുകൾ കണ്ടെത്തിയ സംഘത്തിലെ അംഗമായിരുന്നു ബാലകൃഷ്ണൻ നായർ. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2010 ൽ മാരുതി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 111 പവൻ സ്വർണം കവർന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികൾ ആയിരുന്ന കാലിയ റഫീഖ്, ടി.എച്ച് റിയാസ്, ഗുജ്‌രി അമ്മി, അട്ടഗോളി ആസിഫ് എന്നിവർ അടങ്ങിയ സംഘത്തെ പിടികൂടിയത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്.

കണ്ണൂർ ACP ആയി ജോലി ചെയ്തു വരവേ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരേ ദിവസം മൂന്നു എ.ടി.എം. മെഷീനുകൾ കുത്തിതുറന്നു ലക്ഷ കണക്കിന് രൂപ കവർച്ച ചെയ്ത് ഹരിയാനയിലേക്ക് രക്ഷപ്പെടുകയായിരുന്ന കുപ്രസിദ്ധരായ കവർച്ച സംഘത്തെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായിരുന്നു പി. ബാലകൃഷ്ണൻ നായർ. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ 75 ൽ അധികം മോഷണ കേസിൽ പ്രതിയായി 20 വർഷത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്ന മടിക്കേരി ഇബ്രാഹിമിനെ പിടികൂടിയത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിജിലൻസിൽ ജോലി ചെയ്തു വരവേ ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി അഴിമതികൾ കണ്ടെത്തുന്നതിന് നേതൃത്വ നൽകി. റോഡ് വർക്കുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാൻ ഇവർക്കതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് ശക്തമായ നടപടികൾ സ്വീകരിച്ചു. വിജിലൻസിൽ ആയിരിക്കെ അന്വേഷിച്ച ട്രാപ്പ് കേസിൽ പ്രതികൾക്കു ശിക്ഷ വാങ്ങിച്ചു കൊടുത്തു. കാസറഗോഡ്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ DYSP ആയിരിക്കെ നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാഞ്ഞങ്ങാട് സബ് ഡിവിഷനിൽ ഏറ്റവും കൂടുതൽ ഹവാല പണം പിടികൂടിയത് ബാലകൃഷ്ണൻ നായർ DYSP യായ സമയത്താണ്. പോലീസും ജനങ്ങളും ഒത്തു ചേർന്നുള്ള നിരവധി ജനമൈത്രി പ്രവർത്തങ്ങൾക്ക് ബാലകൃഷ്ണൻ നായർ നേതൃത്വം നൽകി.

കാഞ്ഞങ്ങാട് DYSP ആയിരിക്കെ ഒരു ഗ്രാമത്തെ മുഴുവൻ ലഹരി മുക്തമാക്കി മാറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ലഹരി മുക്ത കൊളവയൽ പദ്ധതി ആരംഭിച്ചു നടപ്പാക്കി. ഈ പദ്ധതി നടപ്പാക്കിയതിനു എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചിട്ടുണ്ട്. കാസറഗോഡ് അഡിഷണൽ എസ്.പി ആയിരിക്കെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഹോപ്പ് എന്നീ പദ്ധതികളിൽ കാസറഗോഡ് ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനും മുഖ്യ പങ്കുവഹിച്ചു. ഈ സമയത്താണ് കാസറഗോഡ് ജില്ലയിൽ പുതിയ സോഷ്യൽ പോലീസിങ് പദ്ധതികളായ വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള “വന്ദ്യജന സഭ” തുടങ്ങി യൂ.പി.സ്കൂളുകളിലെ കുട്ടികൾ വഴി തെറ്റുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള “തണൽ” പദ്ധതി എന്നിവ ആരംഭിച്ചത്. പരേതരായ മുങ്ങത്ത് നാരായൺ നായരുടെയും പേറയിൽ ലീലയുടെയും മകനാണ് ഉദുമ പാലക്കുന്ന് സ്വദേശിയായ ബാലകൃഷ്ണൻ നായർ. ഭാര്യ നിഷ. മക്കൾ: ശിവദ, കാർത്തിക് എന്നിവരാണ്.

0Shares