
കാസറഗോഡ്: കേന്ദ്ര പുകയില നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഓപ്പറേഷൻ ധൂമം എന്ന പേരിൽ കാസറഗോഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിൽ വ്യാഴാഴ്ച സംയുക്ത പരിശോധന നടന്നു. നീലേശ്വരം ബ്ലോക്ക് തല സ്ക്വാഡ് നീലേശ്വരം, ചായ്യോത്ത് മേഖലയിൽ വിവിധ സ്ഥാപനങ്ങൾ പരിശോധിച്ചു. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കടയിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 2000 രൂപ പിഴയിടുകയും ചെയ്തു. നിയമത്തിൻ്റെ ഭാഗമായ ബോർഡ് വെക്കാത്ത ചായ്യോത്ത് കടയുടമയ്ക്ക് പിഴ ഈടാക്കുകയും ചെയ്തു. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരം വിദ്യാലയങ്ങൾക്ക് നൂറ് വാര ചുറ്റളവിൽ പുകയില വിൽപ്പന നടത്താൻ പാടുള്ളതല്ല. പരിശോധനയിൽ നീലേശ്വരം താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ അജിത് സി ഫിലിപ്പ്, പോലീസ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ ഏ വി, എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് എൻ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി ബി, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രസാദ്, പ്രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നിസാമുദ്ദീൻ, ശൈലേഷ്, രാജീവൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രാജീവൻ, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. പരിശോധന ജില്ലയിലെ വിവിധ മേഖലകളിൽ തുടരുകയാണ്.
