
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 400 വർഷങ്ങൾക്ക് ശേഷം പുതിയ രഥം വരുന്നു. ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചിരിക്കുന്നത്. പഴയതിൻ്റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം.

മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. ദേശീയ അവാർഡ് ജേതാവായ ശില്പി ലക്ഷ്മിനാരായണ ആചാര്യയും മകൻ രാജഗോപാല ആചാര്യയും ചേർന്നാണ് രഥം കൊത്തിയെടുത്തത്. രഥം നിർമ്മിക്കാൻ ഒമ്പത് മാസമെടുത്തു.

പഴയ രഥത്തിൻ്റെ അതെ വലിപ്പത്തിൽ പുതിയ നിറത്തിൽ തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്മരഥം നിര്‍മ്മിച്ചത്. ഇപ്പോൾ കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായി രഥം എത്തിക്കുകയാണ്. മാർച്ചിൽ നടക്കുന്ന ഉത്സവമേളയിൽ പുതിയ രഥം ഉപയോഗിക്കും.
