പുതിയ കാലത്തിനനുസരിച്ച് ജനപ്രതിനിധികളുടെ ചിന്താഗതി മാറണം : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

  • Post category:local news
  • Reading time:1 min read
You are currently viewing പുതിയ കാലത്തിനനുസരിച്ച് ജനപ്രതിനിധികളുടെ ചിന്താഗതി മാറണം : എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

കാസർകോട്: ജനപ്രതിനിധികള്‍ പുതിയ കാലത്തിനനുസരിച്ച് കാഴ്ചപ്പാടിലും ശൈലിയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനം വലിയ മാറ്റങ്ങളാണ് എല്ലാ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൃഷി അനുബന്ധ മേഖലകളിലും മറ്റ് മേഖലകളിലും ജില്ലയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണം. ഒരു ജനപ്രതിനിധിയുടെ പരിധിയില്‍ കെട്ടിടം, റോഡ്, പാലം എന്നിവയുടെ വികസനം നോക്കിയല്ല വിലയിരുത്തേണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന വികസന മാറ്റങ്ങളെ മുന്‍നിര്‍ത്തിയായിരിക്കണം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായി. പദ്ധതി വിഭാവനത്തിലെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ അഭാവവും ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പദ്ധതി ആസൂത്രണവും നിര്‍വഹണവും വേഗത്തിലാക്കിയാല്‍ മാത്രമേ മെച്ചപ്പെട്ട വികസന ജില്ലയാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനും നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുമായ കെ.ബാലകൃഷ്ണന്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.ശകുന്തള, ഗീതാകൃഷ്ണന്‍, അഡ്വ. എസ്.എന്‍.സരിത, കെ.ശകുന്തള, ഷിനോജ് ചാക്കോ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares