
കാസർകോട്: ഉയരങ്ങള്‍ കീഴടക്കാം എന്ന മുദ്രാവാക്യത്തോടെയുള്ള ജില്ലാ പഞ്ചായത്തിൻ്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് കൂടുതല്‍ മികവ് പകരാന്‍ ഉയരങ്ങള്‍ കീഴടക്കിയ കാസര്‍കോട്ടുകാരി പി.എന്‍.സൗമ്യ പദ്ധതിയുടെ അംബാസിഡറാകും.
കാസര്‍കോട് ഇരിയണ്ണി സ്വദേശിയും ഐ.ടി മേഖലയില്‍ ഇന്‍സ്ട്രക്ഷണല്‍ ഡിസൈനറുമായ പി.എന്‍.സൗമ്യയെ പ്രശസ്തയാക്കിയത് ബുള്ളറ്റില്‍ യാത്ര ചെയ്ത് കൊടുമുടികളും ചുരങ്ങളും താണ്ടിയ അനുഭവങ്ങളാണ്.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറോബിള്‍ റോഡായ ഉംലിംഗ്ല 2022ലും ലഡാക്കിലെ ഖാര്‍ത്തുംഗ്ല ചുരം 2016ലും സൗമ്യ കീഴടക്കി.
ഒപ്പം അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഭൂഖണ്ഡങ്ങളിലെ 13 രാജ്യങ്ങളിലേക്കും സൗമ്യ ഒറ്റയ്ക്ക് സഞ്ചരിച്ചു. ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ പ്രചാരണത്തിന് പി.എന്‍.സൗമ്യ നേതൃത്വം നല്‍കും.
