Trending News





മദീനയിലെ മസ്ജിദുല്‍ ഖിബ്‌ലതൈനി ഇസ്‌ലാമിക ചരിത്രത്തില്‍ പ്രധാനപ്പെട്ടൊരു സംഭവത്തിന് സാക്ഷ്യംവഹിച്ച പള്ളിയാണ്. മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ‘ഹര്‍റത്തുല്‍വബ്റ’ എന്ന പേരിലറിയപ്പെടുന്ന പര്‍വതത്തിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ‘അഖീഖുസ്സുഗ്റ’ താഴ്വരക്ക് അഭിമുഖമായി ഖാലിദുബ്‌നു വലീദ് റോഡിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഒരേ നമസ്‌കാരത്തില്‍ രണ്ടു ഖിബ്‌ലകളെ അഭിമുഖീകരിച്ച് നമസ്‌കാരം നടന്ന പള്ളി എന്നതാണ് ചരിത്രത്തില്‍ ഈ മസ്ജിദിൻ്റെ പ്രാധാന്യം.
Also Read
പ്രവാചകന്‍ മക്കയില്‍ നിന്ന് മദീനയിലെത്തിയ ശേഷം നമസ്‌കാരത്തിന് ആദ്യം ‘ഖിബ്‌ല’ (ദിശ) ആയി നിശ്ചയിച്ചിരുന്നത് മസ്ജിദുല്‍ അഖ്‌സക്ക് അഭിമുഖമായായിരുന്നു. 16 മാസത്തിനുശേഷമാണ് ഖുര്‍ആൻ്റെ നിര്‍ദേശപ്രകാരം മക്കയിലെ കഅ്ബയിലേക്ക് ഖിബ്‌ല മാറ്റാന്‍ നിശ്ചയിച്ചത്. ഈ പള്ളിയില്‍ പ്രവാചകനും അനുചരന്മാരും ‘ളുഹ്ര്‍’ നമസ്‌കാരം നിര്‍വഹിക്കുന്നതിന് ഇടയില്‍ പ്രവാചകന് ദിവ്യസന്ദേശം ലഭിച്ചു, ‘മസ്ജിദുല്‍ ഹറാമിൻ്റെ വശത്തേക്ക് മുഖം തിരിക്കുക. ഇനി നിങ്ങള്‍ എവിടെയായിരുന്നാലും ആ ഭാഗത്തേക്ക് മുഖം തിരിച്ച് നമസ്കരിക്കുക.’

പ്രവാചകന് ഏറെ ആത്മബന്ധമുള്ള കഅ്ബയിലേക്ക് നമസ്കാരത്തിൻ്റെ ദിശ മാറ്റണമെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് നമസ്‌കാരത്തില്‍ തന്നെ പ്രവാചകന്‍ അത് പ്രാവര്‍ത്തികമാക്കി. നമസ്കാരം പകുതി പൂര്‍ത്തിയാക്കിയപ്പോഴാണ് ഈ നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് കഅ്ബക്കു നേരെ തിരിഞ്ഞ് നമസ്കാരം പൂര്‍ത്തിയാക്കുകയായിരുന്നു. ഒരു നേരത്തെ നമസ്‌കാരം രണ്ടു വ്യത്യസ്ത ദിശകളിലേക്ക് തിരിഞ്ഞു നിന്ന് നമസ്കരിച്ചതിനാല്‍ അന്നുമുതല്‍ രണ്ടു ഖിബ്‌ലകളുള്ള പള്ളിയെന്നര്‍ഥം വരുന്ന ‘മസ്ജിദ് ഖിബ്‌ലതൈന്‍’ എന്ന പേരില്‍ പള്ളി അറിയപ്പെടുകയായിരുന്നു.
മസ്ജിദുല്‍ അഖ്‌സ മദീനയുടെ നേരെ വടക്കുഭാഗത്തും കഅ്ബ നേരെ തെക്കു ഭാഗത്തുമാണ്. രണ്ടു പള്ളികളിലേക്കുമുള്ള ദിശകള്‍ സൂചിപ്പിക്കുന്ന അടയാളം മസ്ജിദ് ഖിബ്‌ലതൈനിയില്‍ ഇപ്പോഴും കാണാം. പ്രവാചകൻ്റെ കാലത്ത് ബനൂസലമ ഗോത്രക്കാര്‍ ഈ പള്ളി പണിതതിനാല്‍ ബനൂ സലമയുടെ പള്ളി എന്ന പേരിലും അക്കാലത്ത് അറിയപ്പെട്ടിരുന്നു. മദീനയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയും പ്രവാചകനുമായി ബന്ധപ്പെട്ട ചരിത്ര സ്‌മാരകങ്ങളില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നുമാണിത്. ഈ പള്ളിയില്‍ നൂറ്റാണ്ടുകളോളം രണ്ടു മിഹ്‌റാബുകളും (പ്രസംഗപീഠം) ഉണ്ടായിരുന്നു. ഒന്ന് മസ്ജിദുല്‍ അഖ്‌സയുടെ ഭാഗത്തും മറ്റേത് കഅ്ബയുടെ ഭാഗത്തും. പിന്നീട് ആദ്യത്തേത് ഒഴിവാക്കി.
ഇപ്പോള്‍ പഴമയുടെ അടയാളമായി മസ്ജിദുല്‍ അഖ്‌സയുടെ ഭാഗത്തുള്ള പള്ളിയുടെ കവാടത്തില്‍ ഒരു മുസല്ലയുടെ രൂപം വരച്ചുവെച്ചിട്ടുണ്ട്. കാലാകാലങ്ങളിലായി ഈ പള്ളിയിലും വികസന പ്രവര്‍ത്തനവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്.
ഹിജ്റ 893ലും 950ലും അറ്റകുറ്റപ്പണികള്‍ നടത്തി. ഹിജ്‌റ 1408 ല്‍ മസ്ജിദു ഖിബ്‌ലതൈനി പുതുക്കിപ്പണിതതായും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. രണ്ട് മനോഹരമായ മിനാരങ്ങളുള്ള 3,920 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പള്ളി ഇപ്പോള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന മദീനയിലെ പ്രധാന പള്ളികളിലൊന്നാണ്. ഇസ്‌ലാമിക ചരിത്രത്തിൻ്റെ നാള്‍വഴികളിലെ തിളങ്ങുന്ന സ്‌മാരകങ്ങളിൽ ഒന്നായി തലയുയര്‍ത്തി നില്‍ക്കുന്ന മസ്‌ജിദ് ഖിബ്‌ലതൈനി സന്ദര്‍ശിക്കാന്‍ മദീനയിലെത്തുന്ന തീര്‍ഥാടകര്‍ പ്രത്യേകം സമയം കണ്ടെത്തുന്നു.

Sorry, there was a YouTube error.