Trending News





കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം അവലോകന യോഗത്തില്‍ ചര്‍ച്ചയായി എന്ന് മുഖ്യമന്ത്രി തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇന്നലെ വ്യക്തമാക്കിയത്. ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍ നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി എന്ന അത്ഭുത മരുന്നാണ്.
Also Read
എന്നാല്‍, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട് എന്നും, അതിന്‍റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. ചൈനയില്‍ മാരക വൈറസിനെ വരുതിയിലാക്കിയ മരുന്ന് ഇനി മലയാളികളുടെയും കൈകളിലെത്തും. കൊവിഡ്19ന് മുന്നില്‍ വന്‍ ശക്തികള്‍ പകച്ച് നില്‍ക്കുമ്പോള്‍ ലോകത്തിന് വെളിച്ചമാകുക ഫിദല്‍ കാസ്ട്രോയുടെ ശാസ്ത്രബോധം തന്നെയാണ്.
ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. കൊറോണ വൈറസിന്‍റെ സ്വഭാവ സവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ.ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു.

ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മ്മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു.
ഫിദല്‍ കാസ്ട്രോയുടെ ശാസ്ത്രബോധം ലോകത്തിന് വെളിച്ചമാകുമോ?
ക്യൂബന്‍ വിപ്ലവ നേതാവായിരുന്ന ഫിദല്‍ കാസ്ട്രോയുടെ ഉയര്‍ന്ന ശാസ്ത്രബോധമാണ് ഇന്ന് മാരക വൈറസിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ സഹായകമാകുന്നത്. വൈദ്യശാസ്ത്ര മേഖലയില്‍ ഗവേഷണവും ഈ മേഖലയില്‍ തന്നെ മാനവ വിഭവശേഷിയുടെ കയറ്റുമതിയും ആയിരുന്നു കാസ്ട്രോ ലക്ഷ്യംവെച്ചത്. അമേരിക്കന്‍ ഗവേഷകര്‍ പോലും ശത്രുരാജ്യമായ ക്യൂബയില്‍ എത്താന്‍ കൊതിച്ച നാളുകളായിരുന്നു അത്. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അതിന് അനുവദിച്ചിരുന്നില്ല.
ക്യൂബയിൽ 45ദിവസത്തിനകം പ്രാദേശിക സാങ്കേതികതയില്‍ വേര്‍തിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റര്‍ഫെറോണ്‍ ഗവേഷകര്‍ പുറത്തെത്തിച്ചു. ഫിന്‍ലന്‍ഡില്‍ ലാബ് പരിശോധനയിലൂടെ അതിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു. പിന്നീട് പല രാജ്യങ്ങളിലെയും ആരോഗ്യ ദൗത്യങ്ങളിലും സ്വന്തം രാജ്യത്ത് തന്നെയും ക്യൂബ ഈ മരുന്ന് ഉപയോഗിച്ചു.
ഇന്റര്‍ഫെറോണ്‍ ഇതാണ്..
വിവിധ രോഗാണുക്കള്‍ ബാധിക്കുമ്പോള്‍ പ്രതിരോധ സംവിധാനത്തിലെ കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഒരുകൂട്ടം പ്രോട്ടിനുകളാണ് ഇന്റര്‍ഫെറോണ്‍. 1957-ല്‍ ലണ്ടന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരായ അലക്ക് ഐസക്കും ലിന്‍ഡെന്മാനുമാണ് ആദ്യമായി ഇന്റര്‍ഫെറോണുകള്‍ നിര്‍വചിച്ചത്. വൈറസ് പെരുകലിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.
മനുഷ്യകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഇന്റര്‍ഫെറോണുകള്‍ ആല്‍ഫ, ബീറ്റ, ഗാമ എന്നീ മൂന്നു വിഭാഗങ്ങളാണ്. വൈറസുകള്‍ പെരുകുന്നത് തടയുന്നതിന് പുറമേ വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ നശിപ്പിക്കുന്ന പ്രതിരോധ സെല്ലുകളെ സജീവമാക്കുകയും ചെയ്യും.
ഭീതിയില്‍ ലോകം; വിപ്ലവ വീര്യത്തോടെ പൊരുതാന്‍ ക്യൂബ..
ചൈനക്കും ഇറ്റലിക്കും പുറമേ സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേല, നിക്കരാഗ്വ, ജമൈക്ക, ഗ്രനാഡ, സുറിനാം എന്നിവിടങ്ങളിലും ക്യൂബന്‍ സംഘം കൊറോണയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭയമുണ്ട്. എന്നാല്‍ വിപ്ലവകരമായ ചുമതല നിറവേറ്റേണ്ടതുണ്ട്. അതിനായി ഭയത്തെ ഒരു ഭാഗത്തേക്ക് മാറ്റിനിര്‍ത്തുകയാണെന്ന് ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ സംഘത്തിലെ ഇന്റന്‍സീവ് കെയര്‍ സ്പെഷലിസ്റ്റ് ലിയോണാര്‍ഡോ ഫെര്‍ണാണ്ടസ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പറഞ്ഞത് ലോക ശ്രദ്ധയായിരുന്നു. ഞങ്ങള്‍ സൂപ്പര്‍ ഹീറോകളല്ല, റെവല്യൂഷനറി ഡോക്ടര്‍മാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലൈബീരിയയില്‍ എബോള സമയത്ത് സേവനം അനുഷ്ഠിച്ചിരുന്ന ഫെര്‍ണാണ്ടസിന്‍റെ വിദേശത്തുള്ള എട്ടാമത് പ്രവര്‍ത്തനമാണിത്.
ക്യൂബയിലെ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സോവിയറ്റ് യൂണിയന്‍റെ സഹായത്താലാണ് ക്യൂബ എന്ന ചെറു രാജ്യം വികസിത രാഷ്ട്രങ്ങളോട് കടപിടിക്കുന്ന തരത്തില്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിച്ചത്.
പിന്നീട് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിവന്നുവെങ്കിലും ക്യൂബ ആരോഗ്യ മേഖലയില്‍ പ്രശംസനീയമായ പുരോഗതിയാണ് കൈവരിച്ചത്. അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആവശ്യ മരുന്നുകളുടെ ലഭ്യത ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ക്യൂബയില്‍ നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും ക്യൂബയൂടേത് മറ്റേത് രാജ്യത്തോടും മത്സരിച്ച് നില്‍ക്കാന്‍ പര്യാപ്തമായ ആരോഗ്യ മേഖല തന്നെയാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ക്യൂബയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ക്രൈസിസ് റെസ്പോണ്‍സ് സിസ്റ്റം അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാരുടെ സേവനം വിഭാവനം ചെയ്യുന്നതാണ്. ക്യൂബയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത് താനൊരു പൊതു സേവകനാണ് എന്ന തിരിച്ചറിവോട് കൂടെയാണെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളാണ് വിദ്യാര്‍ത്ഥികളെ ഇതിന് പ്രാപ്തമാക്കുന്നത്.

Sorry, there was a YouTube error.