
കോട്ടയം: തിരുവാതുക്കലിലെ ഇരട്ട കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ. കോട്ടയം തിരുവാതുക്കലിൽ വ്യവസായിയുടെയും ഭാര്യയുടെയും മരണമാണ് നാട്ടുകാരെ ഒന്നടങ്കം സങ്കടത്തിലാക്കിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ജോലിക്കാരി വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ആയുധം ഉപയോഗിച്ച് മുറിവുകളുണ്ടാക്കിയിട്ടുണ്ട്. ക്രൂര കൃത്യമാണ് കൊലയാളിനടത്തിയതെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. കൊലനടത്തിയത് വീട്ടിൽ നിന്നുതന്നെ എടുത്ത കോടാലി ഉപയോഗിച്ചാണ്. രക്ത പുരണ്ട കോടാലി ലഭിച്ചിട്ടുണ്ട്. കൊലക്ക് പിന്നിൽ അന്യ സംസ്ഥാന തൊഴിലാളിയെന്നാണ് കരുതുന്നത്. അന്യ സംസ്ഥാന തൊഴിലാളിയായ മുൻ ജീവനക്കാരനിലേക്കാണ് അന്വേഷണം നീളുന്നത്. പ്രതിയെ പിടികൂടുന്നത് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി.
അതേ സമയം, സംഭവത്തിൽ മോഷണ ശ്രമം നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിൽ മോഷണം നടന്നതിൻ്റെ സൂചനയില്ല. അലമാരയോ ഷെൽഫുകളോ കുത്തിത്തുറന്നിട്ടില്ല. ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്. എന്നാൽ ഗൗതമിൻ്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധമില്ലന്നാണ് പോലീസ് പറയുന്നത്. 2017 ജൂൺ 3 നാണ് മകന്‍റെ മരണം. വിജയകുമാറിന്‍റെ മകൻ ഗൗതമിന്‍റെ മരണത്തിൽ കഴിഞ്ഞ മാസം 21നാണ് സി.ബി.ഐ FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ദമ്പതികളുടെ കൊലപാതകം.
