കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു; കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു

You are currently viewing കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു; കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് ഇയാള്‍. പ്രതിയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.

സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി. വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ തുടങ്ങുമെന്നും ഡി.ജി.പി അറിയിച്ചു. അതേസമയം പോലീസിൻ്റെ ക്രൈം റെക്കോര്‍ഡ് പ്രകാരമുള്ള കണക്കുകളും പുറത്ത് വന്നു. സ്ത്രീധന പീഡനത്തിൻ്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 സ്ത്രീകളാണ് മരിച്ചത്.

2016-ല്‍ മാത്രം മരിച്ചത് 25 സ്ത്രീകളാണ്. 2017ല്‍ 12 പേരും 2018ല്‍ 17 പേരും 2019-ലും 2020-ലും ആറ് പേര്‍ വീതവുമാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ചു. ഭര്‍ത്താവിൻ്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച്‌ ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2018-ല്‍ 2046, 2019-ല്‍ 2991, 2020-ല്‍ 2715 എന്നിങ്ങനെയാണ് ഭര്‍തൃവീട്ടുകാരുടെ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍.

0Shares