
കാസർകോട്: ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ ആത്മഹത്യക്ക് കാരണക്കാരനായ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനൂപ്.പിയെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്ത് സമഗ്രമായ അന്വേഷണം വേണമെന്ന് എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്നും എ.കെ.എം അഷ്‌റഫും ആവശ്യപ്പെട്ടു. തൻ്റെ ജീവനോപാധിയായ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം മാനസികമായി പീഢിപ്പിച്ച കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനൂപ് പി.യുടെ ക്രൂരനിലപാടിൽ മനംനൊന്താണ് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തത്. മരണത്തിൽ അഭയം തേടിയ അബ്ദുൽ സത്താറിൻ്റെ ജീവന് പോലീസ് വില കൽപ്പിക്കണം. ഈ ദാരുണ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടികളെടുക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു.

നടപടി എന്ന പേരിൽ ജില്ലയിലെ തന്നെ മറ്റൊരു സ്റ്റേഷനിലേക്ക് എസ്.ഐയെ സ്ഥലം മാറ്റിയത് ശെരിയായില്ല. അത്യപൂർവ്വമായ കേസിൻ്റെ ഗൗരവം ലഘൂകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത്തരം നടപടിക്കെതിരെ പരാതിയായി മുഖ്യമന്ത്രി പിണറായി വിജയന് എം.എൽ.എമാർ കത്ത് നൽകിയിട്ടുണ്ട്. കൂടാതെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനെ നേരിൽ കണ്ട് എം.എൽ.എമാർ പരാതി നൽകിയതായും അറിയിച്ചു. 60 വയസ്സായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യനാണ് പോലീസിൻ്റെ ക്രൂര നടപടിയിൽ മനംമടുത്ത് കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിച്ചത്.
