
കാസർകോട്: പോലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂബ് മുമ്പും മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നു. കാസർകോട് ഓട്ടോ സ്റ്റാൻഡിലെ മറ്റൊരു യുവ ഡ്രൈവറോട് മോശമായി പെരുമാറുന്ന വീഡിയോയാണ് പുറത്തായത്. ഈ വീഡിയോ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കുകയാണ്. സംഭവം പോലീസ് സേനക്ക് തന്നെ തലവേദനയുണ്ടാക്കിയിട്ടുണ്ട്. പ്രതിപക്ഷ സംഘടനകൾ വിഷയം ഏറ്റടുത്ത് പ്രതിഷേധം നടത്തി വരികയാണ്. ഇതിനിടെ സബ് ഇൻസ്പെക്ടർ പി.അനൂബിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി എന്ന് പോലീസ് അറിയിക്കുന്നു.
നിലവിൽ ചന്തേര പോലീസ് സബ് ഇൻസ്പെക്ടറാണ് പി അനൂബ്. ദിവസങ്ങൾക്ക് മുമ്പാണ് ഓട്ടോ ഡ്രൈവറുടെ മരണകാരണം ചന്തേരയിലേക്ക് സ്ഥലം മാറ്റിയത്. അപ്പോൾ തന്നെ പോലീസിന് എതിരെ ആരോപണം ഉയർന്നിരുന്നു. ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് ഉന്നതർ ശ്രമിക്കുന്നത് എന്നതാണ് ആരോപണം. ജില്ലയിൽ തന്നെയുള്ള മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുന്നതിലൂടെ ഉദ്യോഗസ്ഥനൊപ്പം ഡിപ്പാർട്ട്മൻറ്റും നിന്നു. വിഷയത്തിൻ്റെ ഗുരവവും ഉദ്യോഗസ്ഥൻ്റെ ക്രൂരതയും മുൻ വീഡിയോ പുറത്തായതിലൂടെ പൊതുജനം തിരിച്ചറിഞ്ഞു. സംഭവം കൂടുതൽ വഷളാവും എന്ന് കണ്ട ഡിപ്പാർട്ട്മന്റ്റ് സസ്പെൻഡ് ചെയ്യൽ നടപടിയിലേക്ക് ഇന്ന് കടക്കുകയായിരുന്നു. എന്നാൽ പ്രതിപക്ഷ സംഘടനകൾ സമരത്തിൽ നിന്നും പിന്മാറിയ മട്ടില്ല. തുടർനടപടി വേണം എന്നതാണ് അവരുടെ ആവശ്യം. അറസ്റ്റ് ചെയ്ത് നിയമ നടപടിയിലേക്ക് കടക്കണമെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥന് എതിരെ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണമെന്നും പോലീസ് മാതൃക കാണിക്കണം എന്നും ആവശ്യം ശക്തമവുകയാണ്.
