
കാസർകോട്: കുമ്പള ദേശീയ പാതയിലെ ആരിക്കാടിയിൽ ടോൾ ബൂത്ത് നിർമാണത്തിനെതിരെ ജനകീയ പ്രതിഷേധം തുടരുകയാണ്. തികളാഴ്ച്ച നടന്ന പ്രതിഷേധ മാർച്ച് കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചു. പ്രതിഷേധം നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കുമ്പളയിലെയും സമീപ പ്രദേശത്തെയും നിരവധി ആളുകൾ പ്രതിഷേധത്തിൻ്റെ ഭാഗമായി. രാഷ്ട്രീയം മറന്നുള്ള ജനകീയ പ്രതിഷേധമാണ് കുമ്പളയിൽ നടന്നുവരുന്നത്. ഇത് നാലാം തവണയാണ് ജനം തെരുവിലിറങ്ങുന്നത്. പ്രതിഷേധത്തിന് കാസറഗോഡ്, മഞ്ചേശ്വരം എം.എൽ.എമാർ നേതൃത്വം നൽകി. ടോൾ ബൂത്ത് നിർമിക്കാൻ 60 കിലോമീറ്റർ ദൂരം പാലിക്കണമെന്ന നിയമനം കാറ്റിൽ പറത്തിയാണ് ദേശിയ പാത അതോറിറ്റി കുമ്പളയിൽ താൽക്കാലിക ടോൾ നിർമ്മിക്കുന്നത്. തലപ്പാടിയിൽ നിലവിലുള്ള ടോൾ ബൂത്തിൽ നിന്നും നിലവിൽ 24 കിലോമീറ്ററാണ് ആരിക്കാടിയിലെ ടോൾ ബൂത്തിലേക്കുള്ള ദൂരം. ഇത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കുന്നത് തുല്യമാണ്. കുമ്പളയിലേക്ക് വരാനും പോകാനും നാട്ടുകാർക്ക് മറ്റുവഴികൾ ഇല്ല എന്നതാണ് യാഥാർഥ്യം. പുഴകടക്കണമെങ്കിൽ ടോൾ നൽകിയേ തീരു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങും. മാത്രവുമല്ല കുമ്പളവഴി മംഗലാപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് അധിക ഭാരമാകും കുമ്പളയിലെ ടോൾ. ഇതിനെതിരെയാണ് ബഹുജന പ്രതിഷേധം നടക്കുന്നത്.

ദേശീയപാത നിർമാണത്തിനായി ഭൂമിയും വീടുകളും വിട്ടുകൊടുത്ത ജനങ്ങളുടെ മേൽ ടോൾ ചുമത്തുന്നത് അനീതിയാണെന്ന് സമരത്തിന് നേതൃത്വം നൽകിയ AKM അഷ്‌റഫ് എം.എൽ.എ പറഞ്ഞു. ടോൾ നിലവിൽ വന്നാൽ സമീപ പ്രദേശം മാത്രമല്ല ജില്ലയിലെ മുഴുവൻ ആളുകളെയും ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധ ഭാഗമായി റോഡിൽ കുത്തിയിരുന്ന എ.കെ.എം അഷ്റഫ് എം.എൽ.എ അടക്കമുള്ള ആളുകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് നേരിയ ഉന്തും തള്ളുമുണ്ടായി, പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ടോൾ നിർമ്മാണം നിർത്തിവെച്ച് പിന്മാറിയില്ലങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
