
കാസർഗോഡ്: 14 ലക്ഷം ജനങ്ങൾ തീരാദുരിതം അനുഭവിക്കുമ്പോൾ ഉമ്മൻചാണ്ടി സർക്കാർ 2014 ൽ അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രി യഥാസമയം പണിപൂർത്തിയാക്കാതെ ഇടത് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് നാസർ ചെർക്കളം പറഞ്ഞു. പിണറായി സർക്കാർ മംഗലാപുരം ലോബിക്ക് വേണ്ടി വിടുതൽ പണിചെയ്യുന്നതായി നാട്ടുകാർ സംശയിച്ചാൽ തെറ്റ് പറയാനാവില്ല. കഴിഞ്ഞ 10 വർഷം കാസറഗോഡിന് വേണ്ടി സർക്കാർ എന്ത് ചെയ്തു എന്നതിൽ ഉത്തരമില്ല. സർക്കാർ കാസറഗോഡ് ജനങ്ങളെ മാത്രമല്ല എൻഡോസൾഫാൻ രോഗികളെ പോലും വഞ്ചിക്കുകയായിരുന്നു എന്നും മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകൻ നാസർ ചെർക്കളം പറഞ്ഞു.
കോടികളുടെ സർക്കാർ സ്വാത്താണ് ഉക്കിനടുക്കയിൽ അസ്ഥികൂടമായി അവശേഷിക്കുന്നത്.
കരാറുകാരന് പണം നൽകാത്തത് കാരണം പണി പാതിവഴിയിലായി. കാസറഗോഡിന് വേണ്ടി കോവിഡ് കാലത്ത് ടാറ്റ അനുവദിച്ച ചെട്ടഞ്ചാലിലെ ആശുപത്രിയും പൊളിച്ചു നീക്കേണ്ടിവന്നു. ആരോഗ്യ രംഗത്ത് കാസർകോട് ജില്ലയോട് പിണറായി സർക്കാർ കാണിച്ചത് കടുത്ത അവഗണനയാണ്. ഇതിനുള്ള മറുപടി അടുത്ത നിയമസഭാ തെരുഞ്ഞെടുപ്പിൽ ജനം നൽകുമെന്നും കെ-സ്റ്റഡീസ് സംസ്ഥാന കോർഡിനേറ്റർ കൂടിയായ നാസർ ചെർക്കളം പറഞ്ഞു.

ജില്ലയിലെ പാവപ്പെട്ട രോഗികൾ മെച്ചപ്പെട്ട പ്രാഥമിക ചികിത്സയ്ക്ക് പോലും പണമില്ലാതെ നട്ടം തിരിയുന്നു. ഉന്നത ചികിത്സക്ക് ലക്ഷങ്ങൾ നൽകാൻ കഴിയാത്ത സാധാരണക്കാർ ആശ്രയിക്കുന്നത് സർക്കാർ ആശുപത്രികളെയാണ്. എന്നാൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അതിനുള്ള സംവിധാനങ്ങളില്ല. ജനം മെഡിക്കൽ കോളേജ് യാഥർഥ്യമാക്കാത്തതിൽ നിരാശരാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളെ തിരിഞ്ഞുനോക്കാതെ, മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കുത്തക മുതലാളിമാരുടെ സ്വകാര്യ ആശുപത്രികൾ ഉദ്‌ഘാടനം ചെയ്യാൻ മത്സരിച്ചു. പിണറായി ഭരണ കാലത്ത് ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക് ഗുണം ലഭിച്ചു എന്നല്ലാതെ പാവപ്പെട്ടവർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ല. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ടെന്നും നാസർ ചെർക്കളം വിമർശിച്ചു. കാസറഗോഡ് മെഡിക്കൽ കോളേജ് വിഷയത്തിൽ സമര സമിതിയുടെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു. സമരത്തിൽ എല്ലാവരും അണിചേരണമെന്നും നാസർ ചെർക്കളം അഭ്യർത്ഥിച്ചു.
