കുമ്പള ദേശീയ പാതയിലെ ടോൾ; ബസ് യാത്രക്കും ചെലവേറി; കർണ്ണാടക കെ.എസ്.ആര്‍.ടി.സിക്കെതിരെ ജനരോഷം പുകയുന്നു..

  • Post category:local news / news
  • Reading time:1 min read
You are currently viewing കുമ്പള ദേശീയ പാതയിലെ ടോൾ; ബസ് യാത്രക്കും ചെലവേറി; കർണ്ണാടക കെ.എസ്.ആര്‍.ടി.സിക്കെതിരെ ജനരോഷം പുകയുന്നു..

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ കാസറഗോഡ്- മംഗളുരു റൂട്ടിലൂടെ ബസ് യാത്രക്കും ചെലവേറി. കർണ്ണാടക കെ.എസ്.ആര്‍.ടി.സി യാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർദ്ധന സാധാരണ ബസ് യാത്രക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. ഓരോ ടിക്കറ്റിലും വലിയ വർദ്ധവ് വരുത്തിയിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ടോളിൻ്റെ പേരിൽ കർണ്ണാടക കെ.എസ്.ആര്‍.ടി.സി കൊള്ളയടിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. സർക്കാർ സംവിധാനം തന്നെ ജനങ്ങൾക്കുമേൽ അധിക ഭാരം ഏൽപ്പിക്കുന്നത് സഹിക്കുന്നതിലും അപ്പുറമാണ്. ഇത് അംഗീകരിക്കാനാവില്ല എന്നും യാത്രക്കാർ പറയുന്നു. കാസറഗോഡ്- മംഗളുരു റൂട്ടിൽ കഴിഞ്ഞ ദിവസമാണ് നിരക്ക് വർദ്ധന ഉണ്ടായത്. കാര്യം തിരക്കിയപ്പോൾ ടോൾ എന്നാണ് മറുപടി ലഭിച്ചത്. എന്നാൽ മുന്നറിയിപ്പില്ലാതെയുള്ള നിരക്ക് വർദ്ധന അംഗീകരിക്കാനാവില്ല എന്നും യാത്രക്കാർ പറയുന്നു.

വലിയ പ്രതിഷേധമാണ് യാത്രക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് 88 രൂപയുള്ള നിരക്ക് 95 രൂപയായി വർദ്ധിച്ചു. കുമ്പളയില്‍ നിന്ന് മംഗളൂരുവിലേക്ക് 67 രൂപയുണ്ടായിരുന്നത് 75 രൂപയാക്കിയിട്ടുണ്ട്. കുമ്പളയില്‍ നിന്ന് ഉപ്പളയിലേക്ക് 18 രൂപയുണ്ടായിരുന്നത് 25 രൂപയാക്കി. ഇതിന് ആനുപാതികമായി ഓരോ സ്റ്റോപ്പിൽ നിന്നും നിരക്ക് വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ടോള്‍ പിരിവിന് പിന്നാലെയുള്ള ഈ നിരക്ക് വർദ്ധനവിൽ കര്‍ണാടക കെ.എസ്.ആര്‍.ടി.സിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. എന്നാൽ കേരള കെ.എസ്.ആര്‍.ടി.സിയിൽ നിരക്ക് വർദ്ധനവ് ഉണ്ടായിട്ടില്ല. ഇത് നിലവിൽ യാത്രക്കാർക്ക് ആശ്വാസമാകുന്നുണ്ട്.

0Shares