Categories
Gulf international national news

രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന; ഗുരുതര വീഴ്ചകൾ കണ്ടെത്തി; ഒരാഴ്ചക്കുളളിൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം; ഡി.ജി.സി.എ ഉണർന്ന് പ്രവർത്തിക്കുന്നത് അഹമ്മദാബാദ് വിമാനദുരന്ത പശ്ചാത്തലത്തിൽ

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയം (ഡി.ജി.സി.എ) നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂനതകൾ സമയ ബന്ധിതമായി പരിഹരിക്കപ്പെടുന്നില്ല എന്നത് വ്യോമയാന മന്ത്രാലയം പുറത്തുവിട്ട വിശദീകരണ കുറിപ്പിൽ പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു പ്രധാന പ്രശ്നം. സീറ്റുകൾക്കടിയിൽ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങൾ ഉപയോഗശൂന്യമായി കണ്ടെത്തി. ഒരു വിമാനത്താവളത്തിൽ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞ നിലയിലാണ്. ലൈറ്റുകൾ നേരായ ദിശയിലല്ല. വിമാനത്താവളത്തിന് സമീപത്തെ പുതിയ നിർമ്മിതികൾ പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ഓരോന്നും ചൂണ്ടികാണിക്കുന്നു. വിമാനങ്ങൾ പാർക്ക് ചെയുന്ന സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിൽ സ്‌പീഡ് ഗവർണറില്ല എന്നതും കണ്ടെത്തിയിട്ടുണ്ട്. ഡി.ജി.സി.എ ജോയിൻ്റ് ഡയറക്ടർ ജനറലിൻ്റെ നേത്വത്തിൽ 2 ടീമുകളായാണ് പരിശോധന നടത്തിയത്. ദില്ലി, മുംബൈ വിമാനത്താവളങ്ങളിൽ ഉൾപ്പടെയാണ് പരിശോധന നടത്തിയതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെത്തിയ ന്യൂനതകൾ ഒരാഴ്ചക്കുളളിൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായും ഡി.ജി.സി.എ വ്യക്തമാക്കി. വരും ദിവസങ്ങളിൽ രാജ്യത്തെ ഓരോ വിമാന താവളങ്ങളിലും പരിശോധന തുടരുമെന്നാണ് റിപ്പോർട്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest