എന്തുകൊണ്ടാണ് ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ബോർണിയോയിലേക്ക് മാറ്റുന്നത്? കാരണം അറിയാം

You are currently viewing എന്തുകൊണ്ടാണ് ഇന്തോനേഷ്യ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് ബോർണിയോയിലേക്ക് മാറ്റുന്നത്? കാരണം അറിയാം

ദ്വീപുരാജ്യമായ ഇന്തോനേഷ്യ, തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ അകലെയുള്ള ബോര്‍ണിയോ ദ്വീപിൻ്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന കലിമന്തനിലേക്ക് മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. 2022 ജനുവരി 18നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തലസ്ഥാന മാറ്റത്തിനുള്ള ബില്‍ പാസാക്കിയത്.

രാജ്യത്തിൻ്റെ പുതിയ തലസ്ഥാന നഗരം ദ്വീപസമൂഹം എന്നര്‍ഥം വരുന്ന നുസന്തര എന്നാകും അറിയപ്പെടുക. പുതിയ തീരുമാനം നിലവില്‍ പല ചര്‍ച്ചകള്‍ക്കും വഴി തെളിച്ചിരിക്കുകയാണ്. പരിസ്ഥിതിവാദികളും തദ്ദേശീയ വിഭാഗങ്ങളും ഈ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.80 പേരുകളില്‍ നിന്നാണ് നുസാന്തര തെരഞ്ഞെടുത്തത്. ജകാര്‍ത്തയില്‍ പാരിസ്ഥിതികമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനാലാണ് തീരുമാനം.

തലസ്ഥാനം മാറ്റുന്നതിൻ്റെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകള്‍ കിഴക്കന്‍ കാലിമന്റാനിലേക്ക് പുനഃസ്ഥാപിച്ചു തുടങ്ങി. 2019 ല്‍ പ്രസിഡന്റ് ജോകോ വിദോദോ ആണ് തലസ്ഥാനം മാറ്റുന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. കോവിഡ് കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു. ഒരുകോടി ജനങ്ങളാണ് ജകാര്‍ത്തയില്‍ താമസിക്കുന്നത്. ജാവന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം പ്രതിവര്‍ഷം 25 സെ.മി വെച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണ്. അമിതമായ അളവില്‍ ഭൂഗര്‍ഭജലം ഖനനം ചെയ്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

2050 ആകുമ്പോഴേക്കും ജകാര്‍ത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ജക്കാര്‍ത്ത, ലോകത്ത് ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണ്. 2050-ഓടെ നഗരത്തിൻ്റെ മൂന്നില്‍ ഒന്ന് പ്രദേശം വെള്ളിത്തനടിയിലാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് തന്നെയാണ് സ്വതന്ത്രമായ കാലം മുതല്‍ തലസ്ഥാനമായിരുന്ന ജക്കാര്‍ത്തയില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറാനുള്ള തീരുമാനത്തിന് പിന്നില്‍.

ത്രികോണാകൃതിയിലുള്ള അഴിപ്രദേശത്ത് പടുത്തുയര്‍ത്തിയിരിക്കുന്ന ജക്കാര്‍ത്തന്‍ നഗരത്തിലെ 40 ശതമാനവും സമുദ്രനിരപ്പിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. അനിയന്ത്രിതമായ ഭൂഗര്‍ഭ ജലചൂഷണവും കാലാവസ്ഥാ വ്യതിയാനം മൂലം ഉയര്‍ന്നുവരുന്ന ജാവ കടലും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കികൊണ്ടിരിക്കുകയാണ്. ഇതിനുപുറമെയാണ് വന്‍തോതില്‍ മലിനീകരിക്കപ്പെട്ട വായുവും ഭൂഗര്‍ഭ ജലവും.

കൂടാതെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും അഴുക്കുജലം ഒഴുകിപ്പോകാനുള്ള തടസവുമെല്ലാം സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. കനാലിലൂടെയുള്ള വെള്ളമൊഴുക്ക് സാധാരണ ഗതിയിലാക്കാന്‍ മാത്രം പ്രതിവര്‍ഷം 4.5 ബില്യണ്‍ ഡോളറാണ് ചെലവാകുന്നത്.

0Shares