
കാസറഗോഡ്: തൃക്കരിപ്പൂറിലെ ഹരിത കർമ്മ സേന റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലേക്കും ചുവടുവെച്ചു. യൂണിറ്റ് സ്ഥാപിച്ചാണ് വിതരണത്തിന് ഒരുങ്ങുന്നത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനയ്ക്കായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് റിംഗ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. റിംഗ് കമ്പോസ്റ്റ് നിർമ്മാണത്തിലൂടെ ഹരിത കർമ്മ സേനയ്ക്ക് അധിക വരുമാനവും ഒപ്പം ഉന്നത ഗുണനിലവാരത്തിലുള്ള കമ്പോസ്റ്റ് യൂണിറ്റുകൾ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലും പിന്നീട് ശുചിത്വ മിഷൻ്റെ അംഗീകാരം നേടി സമീപ പഞ്ചായത്തുകളിൽ കൂടി വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷയിലാണ് അംഗങ്ങൾ.
ഈ വർഷം 600 യൂണിറ്റുകൾ നിർമ്മിച്ച് വിവിധ വാർഡുകളിൽ വിതരണം ചെയ്യും. നിലവിൽ തൃക്കരിപ്പൂർ ഹരിത കർമ്മ സേനയ്ക്ക് ഹരിത ഫ്‌ളവേഴ്‌സ്, ഹരിതം ഇനോക്കുലം യൂണിറ്റ്, ഉഷസ്സ് വെസ്സൽസ് റെന്റൽ യൂണിറ്റ്, തേജസ്സ് വെസ്സൽസ് റെന്റൽ യൂണിറ്റ് എന്നിങ്ങനെ നാലു സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാം മികച്ച ലാഭവിഹിതവും നൽകുന്നുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിത ഫ്‌ളവേഴ്‌സ് കേരളത്തിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ പൂക്കടയാണ്. പ്രതിമാസം അറുപത്തിനായിരത്തിലധികം രൂപയുടെ വിറ്റുവരവും ഇരുപതിനായിരത്തിലധികം രൂപ ലാഭവും നൽകുന്നുണ്ട് ഈ സംരംഭം. അതുപോലെ മികച്ച ലാഭവിഹിതം നൽകുന്ന സംരംഭമായി ഗ്രീൻ ഘർ സാനിറ്റേഷൻ സൊല്യൂഷൻ എന്ന റിംഗ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റിനെ മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഹരിത കർമ്മ സേനയും.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സൗദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് നജീബ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സീത ഗണേഷ്, ഇ ശശിധരൻ, ഫായിസ് യു.പി, എം രജീഷ് ബാബു, വി.പി സുനീറ, സാജിത സഫറുള്ള, കെ.എം ഫരീദാബീവി, എം.കെ ഹാജി, എം അബ്ദുൽ ഷുക്കൂർ, നവകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ പി.വി ദേവരാജൻ, സെക്രട്ടറി പ്രമീള ബോബി, അസിസ്റ്റന്റ് സെക്രട്ടറി സിബി ജോർജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എസ്.കെ പ്രസൂൺ, റാഷിദ് പി, ഹെൽത്ത് ഇൻസ്‌പെക്ടർ സുപ്രിയ, കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൽട്ടൻറ് പി രമ്യ, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, ഷീന കെ, യമുന സി എന്നിവർ പങ്കെടുത്തു.
