Categories
articles Kerala local news

ഓണം ആഘോഷമാക്കാൻ ഹരിത കർമ്മസേനയെ ചേർത്തു നിർത്തി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്; ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും കൈമാറി; സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തിയത്; കൂടുതൽ അറിയാം..

തൃക്കരിപ്പൂർ(കാസറഗോഡ്): ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടിയും പതിനായിരം രൂപ ബോണസ്സും ലഭ്യമാക്കി മാതൃകയായിരിക്കുകയാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. സർക്കാർ സഹായത്തിന് പുറമെയാണ് പഞ്ചായത്ത് പണം കണ്ടെത്തി ഹരിത കർമ്മസേനയെ ചേർത്തു നിർത്തിയത്. സർക്കാർ ഉത്തരവ് പ്രകാരമുള്ള തുകയും, ഹരിത കർമ്മസേന കൺസോർഷ്യം നൽകുന്ന തുകയും, തരംതിരിച്ചു നൽകിയ അജൈവ മാലിന്യങ്ങൾക്ക് 2025 ഏപ്രിൽ മുതൽ ലഭിച്ച മൂന്നര ലക്ഷം രൂപയും അഗതി, ആശ്രയ, അതിദരിദ്രർ, അംഗൻവാടി എന്നിവരുടെ യൂസർഫിയായി ഗ്രാമപഞ്ചായത് നൽകുന്ന തുകയും ചേർത്താണ് പതിനായിരം രൂപ വീതം ഓരോ അംഗങ്ങൾക്കും ലഭ്യമാക്കിയത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ഗ്രാമപഞ്ചായത്തിലെ 42 ഹരിത കർമ്മ സേന അംഗങ്ങൾക്കും ഓണക്കോടിയും പതിനായിരം രൂപ ബോണസും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തുമായി കരാറിലേർപ്പെട്ട് അജൈവ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്ന മഹയൂബ വേസ്റ്റ് മാനേജ്‌മെന്റാണ് ഓണക്കോടി സമ്മാനമായി നൽകിയത്. കഴിഞ്ഞ 4 വർഷവും തുടർച്ചയായി ഹരിത കർമ്മ സേനയ്ക്ക് ബോണസ്സും ഓണക്കോടിയും നൽകിയ ഏക പഞ്ചായത്താണ് തൃക്കരിപ്പൂർ. ഓണത്തിന് പുറമെ വിഷുവിനും ബോണസ് നൽകിവരുന്നുണ്ട്.

കാസറഗോഡ് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയാണ് തൃക്കരിപ്പൂരിലെ അംഗങ്ങളെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ പറഞ്ഞു. ആധുനിക സൗകര്യങ്ങളുള്ള എം.സി.എഫ് നിലവിൽ ഉണ്ടെകിലും ഒരു കോടി ചെലവിൽ രണ്ടാമതൊരു എം.സി.എഫ് കൂടി നിർമ്മിക്കാനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ 80 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് 162 മിനി എം.സി.എഫ് -കൾ ഹരിത കർമ്മ സേനയ്ക്കായി വിവിധ വാർഡുകളിൽ സ്ഥാപിച്ചു നൽകിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ ഉറപ്പു വരുത്തുന്നതിനായി ഹരിത കർമ്മ സേന വെസ്സൽസ് റെന്റൽ യൂണിറ്റ്, ഇനോക്കുലം നിർമ്മാണ യൂണിറ്റ്, ഹരിത ഫ്‌ളവേഴ്‌സ്, റിംഗ് കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ്, എല്ലാവർഷവും ഹരിത കർമ്മസേന എക്സ്പോഷർ വിസിറ്റ് എന്നിങ്ങനെ ഒട്ടനവധി പദ്ധതികൾ ഹരിത കർമ്മ സേനയ്ക്കായി നടപ്പിലാക്കിയിട്ടുണ്ടെന്നും അതുവഴി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് വളരെയേറെ മുന്നേറാൻ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.കെ ഹാഷിം, എം സൗദ, സത്താർ വടക്കുമ്പാട്, കെ.വി കാർത്യായനി, ഇ ശശിധരൻ, ഫായിസ് യു.പി, എം രജീഷ് ബാബു, മഹയൂബ വേസ്റ്റ് മാനേജ്‌മന്റ് പ്രതിനിധി കൃപ കൃഷ്ണൻ, നവകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ പി.വി ദേവരാജൻ, അസിസ്റ്റന്റ് സെക്രട്ടറി സി.ബി ജോർജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എസ്.കെ പ്രസൂൺ, രജിഷ കൃഷ്ണൻ, മറ്റു വാർഡ് മെമ്പർമാർ, CDS ചെയർപേഴ്സൺ എം മാലതി, ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ വി.വി രാജശ്രീ, ഷീന കെ, എന്നിവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest