തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

You are currently viewing തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായുള്ള പരാതികളിന്മേൽ തീർപ്പ് കൽപ്പിക്കുന്നതിനും, മറ്റ് മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനുമായി ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ (ജില്ലാ കളക്ടർ) മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കുന്നതിന് സഹായിക്കുക എന്നതാണ് ജില്ലാതല മീഡിയാ റിലേഷൻസ് സമിതിയുടെ മുഖ്യ ചുമതല. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമ പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് സമിതി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ അതിന്മേൽ തുടർ നടപടികൾ ശിപാർശ ചെയ്യുകയും ചെയ്യും. ശിപാർശകളിന്മേൽ ഉചിതമായ തീർപ്പ് കൽപ്പിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അധികാരപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായ സമിതിയിൽ ലോ ഓഫീസർ , ഒരു മാധ്യമ/സാമൂഹ്യ പ്രവർത്തകൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സോഷ്യൽ മീഡിയ വിദഗ്ദ്ധൻ എന്നിവരാണ് മറ്റു അംഗങ്ങൾ. വോട്ടെടുപ്പിൻ്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂർ കാലയളവിൽ യാതൊരാളും പൊതുയോഗം വിളിച്ചു കൂട്ടുകയോ, നടത്തുകയോ, അതിൽ സന്നിഹിതനാകുകയോ ചെയ്യാൻ പാടില്ല. ഈ സമയപരിധിക്കുള്ളിൽ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങൾ നടത്തരുത്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാർത്ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയിൽ എക്സിറ്റ് പോൾ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പിനും നിരോധിച്ചിരിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളിലെ സംപ്രേഷണത്തിൽ ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട് കേബിൾ നെറ്റ് വർക്ക് (റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകൾ, പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അച്ചടി മാധ്യമങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (NBSA) മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കേണ്ടതുണ്ട്.

0Shares