ജയിലില്‍ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു

You are currently viewing ജയിലില്‍ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു

മംഗളുരു: കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയായ മംഗളുരു ജില്ലാ ജയിലിൽ ഭക്ഷ്യവിഷബാധ. 45 തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മംഗളുരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാള്‍ ഇന്ന് (വ്യാഴം)മാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഉച്ചഭക്ഷണത്തിന് നല്‍കിയ ചോറും കറിയും കഴിച്ചതിന് ശേഷമാണ് തടവുകാർക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. കഠിനമായ വയറുവേദന, ഛർദ്ദി, അസ്വസ്ഥത എന്നിവ അനുഭവപ്പെടുകയായിരുന്നു. തടവുകാരെ ഉടൻതന്നെ പോലീസ് വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചു. മംഗളുരു വെൻലോക്ക് സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നത് ഒഴിച്ചാൽ ബാക്കിയുള്ളവരുടെ ആരോഗ്യം തൃപിതികരമാണെന്ന് ഡോക്ടർ അറിയിച്ചതായി പോലീസ് പറഞ്ഞു. 350 തടവുകാരുള്ള ജയിലിൽ 45 പേർക്ക് മാത്രമേ ഭക്ഷ്യവിഷബാധ ബാധിച്ചതെന്നതും പോലീസ് ഗൗരവത്തിലെടുത്തു. ഭക്ഷണ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ വിഷബാധയുടെ യഥാർത്ഥ കാരണം കണ്ടെത്താനാകൂ എന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്.

0Shares