
കാസർകോട്: ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി.സജിത് ബാബു ഐ.എ.എസ് ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന നടത്തി. നായന്മാർമൂല തൻബിഹുൽ ഇസ്ലാമിക് ഹൈസ്കൂളിൽ നടത്തിയ പരിശോധനയിൽ കണ്ട പോരായ്മകൾ പരിഹരിക്കണമെന്ന് സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചു. കുട്ടികൾക്കൊപ്പമിരുന്ന് സ്‌കൂളിലെ ഉച്ചഭക്ഷണവും കഴിച്ചാണ് സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി.സജിത് ബാബു ഐ.എ.എസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മടങ്ങിയത് എല്ലാവർക്കും ആവേശമായി.

ജില്ലയിലെ എല്ലാ സ്‌കൂളിലെയും ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡ് ലൈൻ കൃത്യമായി പാലിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി കമ്മീഷണർ ഡോ. ഡി.സജിത്ത് ബാബു ഐ.എ.എസ് ചാനൽ ആർ.ബിയോട് പറഞ്ഞു. പി.ടി.എ കമ്മിറ്റിയും ജനപ്രതിനിധികളും സുരക്ഷാ ഉറപ്പാക്കാൻ സ്‌കൂളിൽ നേരിട്ട് ഇടപെടണം.

ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ വൃത്തിയും ഗുണമുള്ളതുമായിരിക്കണം. പാചകപുരയും ഭക്ഷണ ശാലയും ശുചിയായി സൂക്ഷിക്കണം. കുടിവെള്ളം അംഗീകൃത ലാബിൽ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലായി 3000ത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ പ്രധാനപ്പെട്ട സ്‌കൂളാണ് ടി.ഐ.എച്ച്.എസ് നായമാർമൂല. ജില്ലാ വിദ്യാഭ്യാസ ഓഫിസർ പുഷ്‌പ കെ.വി, സോഷ്യൽ സെക്യൂരിറ്റി മിഷൻ കോ. ഓർഡിനേറ്റർ ജിഷോ, ജില്ലാ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ കമ്മീഷണർക്കൊപ്പം സന്ദർശനം നടത്തി.
