കേന്ദ്രവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും; ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം; രാജ്മോഹൻ ഉണ്ണിത്താൻ എം.പി

You are currently viewing കേന്ദ്രവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും; ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം; രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്: ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കാസർകോട് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ദിശ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.പി. ജില്ലയിൽ വിവിധ മേഖലകളിലുള്ള പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളെ സംബന്ധിച്ച് പ്രാദേശിക തലത്തിൽ ജനപ്രതിനിധികൾക്ക് അവബോധം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതലത്തിലെ ഏകോപനവും വിലയിരുത്തലും ഫലപ്രദമാക്കുന്നതിനായി നിലവിലുള്ള ജില്ലാതല വിജിലൻസ് മോണിറ്ററിംഗ് കമ്മിറ്റിയാണ് ദിശ.

പാർലമെൻറ്, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഏകോപിപ്പിക്കുവാനും അതുവഴി ജില്ലയുടെ ഫലപ്രദവും സമയബന്ധിതവുമായ വികസനം ഉറപ്പിക്കുവാനുമായാണ് ദിശ പ്രവർത്തിക്കുന്നതെന്ന് ദിശ ചെയർമാൻ കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കേന്ദ്രവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ഫണ്ടിൻ്റെ ലഭ്യത സമയബന്ധിതമായി വിലയിരുത്തുകയും വിനിയോഗം ഉറപ്പാക്കുകയും ചെയ്യും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദീൻദയാൽ അന്ത്യോദയ യോജന, ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, പ്രധാനമന്ത്രി ഗ്രാമസഢക് യോജന, നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന, സ്വച്ച് ഭാരത് മിഷൻ, നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ പ്രോഗ്രാം, സൻസത് ആദർശ് ഗ്രാം യോജന, നാഷണൽ ഹെൽത്ത് മിഷൻ, സർവ്വശിക്ഷ അഭിയാൻ, പ്രധാനമന്ത്രി ഫസൽ ബീമാ യോജന, ഇൻറഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സ്കീം, പ്രധാനമന്ത്രി കൃഷിസിഞ്ചായി യോജന, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം, മിഡ് ഡേ മീൽ സ്കീം തുടങ്ങിയ പദ്ധതികളാണ് അവലോകനം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ജി അജിത് കുമാർ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ, പ്രൊജക്റ്റ് ഡയറക്ടർ പി.എ.യു. പി എ ജസ്റ്റിൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിച്ചു.

0Shares