
കാസര്‍കോട്: സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നിയന്ത്രണങ്ങൾ ലംഘിച്ച് കൊറോണയുടെ സമൂഹ വ്യാപനത്തിന് കളമൊരുക്കിയ കാസര്‍കോട് എരിയാൽ സ്വദേശിക്കെതിരെ സമഗ്രാന്വേഷണം നടത്തണമെന്നും അയാൾക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
പാസ്പോർട്ട് എടുക്കാതെ വിമാനത്താവളത്തിൽ നിന്ന് കടന്നതായും ഇദ്ദേഹത്തിന്‍റെ ബാഗ് കാണാനില്ല തുടങ്ങിയ ആരോപണങ്ങളും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. ഇദ്ദേഹത്തിന്‍റെ നടപടി ഗൗരവത്തിൽ കാണാൻ അധികൃതർ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ജില്ലയിലെ മുസ്‌ലിം ലീഗ് എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്നും എം.സി.ഖമറുദ്ദിനും ഉൾപ്പടെയുള്ള ഉന്നതരുമായി ഇയാൾക്കുള്ള ബന്ധവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.

വിദേശത്ത് നിന്ന് വന്നതിനു ശേഷം ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യാഞ്ഞതും ബോധപൂർവമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡ് -19 വ്യാപനത്തിന് കാരണം ഇയാളുടെ നിയമ വിരുദ്ധവും, ദുരൂഹവുമായ ഇടപ്പെടലുകളാണെന്ന് ശ്രീകാന്ത് ആരോപിച്ചു. ആരോഗ്യ വകുപ്പും, അധികൃതരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രോഗി തന്‍റെ സഞ്ചാരപഥം വെളിപ്പെടുത്താത് ദുരൂഹമാണ്.ജനറൽ ആശുപത്രി അധികൃതർ ഐസലേഷന് നിർദ്ദേശിച്ചയാൾ തലങ്ങും വിലങ്ങും ഓടിനടന്നത് ബന്ധപ്പെട്ട അധികൃതരുടെ വീഴ്ചയാണ്.
ഇത് മൂലം പരിഭ്രാന്തരായ ജനങ്ങൾക്ക് ആശ്വാസമേകുന്ന തരത്തിലാവണം ഇനിയുള്ള കർമപദ്ധതികൾ. പഴുതകളില്ലാത്ത പ്രതിരോധ , ബോധവൽക്കരണ പരിപാടികൾ സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണം ലംഘിച്ചതിന് ആരാധനാലയങ്ങൾക്കും കടകൾക്കുമെതിരെ കേസ്സെടുത്തവർ എന്തുകൊണ്ട് രോഗം പടർത്തിയ ഈ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കണെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വിജയിപ്പിക്കുന്നതിന് മുഴുവൻ ജനങ്ങളും തയ്യാറാവണമെന്നും, അത് വഴി കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്നും ശ്രീകാന്ത് അഭ്യർത്ഥിച്ചു.
