
കാസർകോട് : ദിനംപ്രതി കോവിഡ്- 19 രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐസൊലേഷൻ സൗകര്യമൊരുക്കി കൊറോണ ബാധിതർക്ക് പണി പൂർത്തിയായ ഉക്കിനടുക്കയിലെ ഗവ: മെഡിക്കൽ കോളേജ് തുറന്ന് കൊടുക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.

നിലവിൽ കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രി , കാസര്‍കോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ മാത്രമാണ് കൊറോണ വൈറസ് ബാധിതർക്കുള്ള ഐസൊലേഷൻ സൗകര്യമുള്ളത് . ഇക്കാരണത്താൽ ഇവിടങ്ങളിൽ ചികിത്സക്കെത്തിയിരുന്ന മറ്റു രോഗികൾക്ക് ചികിത്സ കിട്ടാത്ത അവസ്ഥയാണുള്ളത്.
ഗവൺമെന്റ് ആശുപത്രികളെ ആശ്രയിക്കുന്ന സാധാരക്കാരായ രോഗികൾ കോവിഡ് – 19 നെ ഭയന്ന് ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സ തേടാത്ത ഭീതിജനകമായ മറ്റൊരു സാഹചര്യത്തിലേക്കാണ് ജില്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ജില്ലയിലെ ജനങ്ങളുടെ പരിഭ്രാന്തി മാറ്റുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.
