
ഡല്‍ഹി കണ്ട ഏറ്റവും ഭീകരമായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നിൽ പെട്ടന്നുണ്ടായ കാരണങ്ങൾ മാത്രമോ കാലാകാലങ്ങളായി നിലനില്‍ക്കുന്ന മത ചേരിതിരിവോ അല്ലെന്ന് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഗാര്‍ഡിയന്‍ ദിനപത്രം. മുസ്‌ലിം പള്ളികളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയും വീടുകളില്‍ കയറി അവരെ ആക്രമിക്കുകയും ചെയതതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വെറുപ്പ് വളര്‍ത്തിയെടുത്തതാണ് കാരണം എന്ന് പത്രം, അതിന്‍റെ മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഇതിന് ഉത്തരവാദികളെന്ന് പത്രം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കുള്ള അടിയന്തര കാരണം അനീതി നിറഞ്ഞ പൗരത്വ നിയമ ഭേദഗതിയും ബി.ജെ.പി നടത്തിയ അപകടകരമായ പ്രചാരണങ്ങളുമാണ്. നിയമ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്‌ലിങ്ങളെ ബലമായി നീക്കം ചെയ്യണമെന്ന ബി.ജെ.പി നേതവ് കപില്‍ മിശ്ര അടക്കമുള്ളവരുടെ പ്രസ്താവനകളും പ്രകോപനം സൃഷ്ടിച്ചു.
മുസ്‌ലിങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്നും പത്രം പറയുന്നു. ദുര്‍ബലരായ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ദേശീയതയാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്.
