Categories
articles news

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.ഐയുടെശബ്ദം ഉയരുമ്പോള്‍

പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ സി.പി.ഐയുടെശബ്ദം ഉയരുകയാണ്. ഘടക കക്ഷിയിൽ നിന്നും തന്നെ വിമർശനം ഏറ്റുവാങ്ങുകയാണ് സർക്കാർ ഇതുവഴി. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്‍റെ മാത്രം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താനോ, ഒരു ഭീഷണിയായോ വളര്‍ന്നിട്ടുപോലുമില്ല എന്നുണ്ടെങ്കില്‍, ഇതൊരു ഭീഷണിയായി നിലനിര്‍ത്തേണ്ട ആവശ്യം പോലീസിന് മാത്രമാണ്. കേന്ദ്രത്തില്‍ നിന്നും ഫണ്ടും സൗകര്യങ്ങളും അവര്‍ക്ക് ലഭിക്കും. അതിന് വേണ്ടി ആളുകളെ ഇടയ്ക്കിടയ്ക്ക് വെടിവെച്ചു കൊല്ലുന്ന സംവിധാനം നല്ലതല്ല. ഈ നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക്‌ മനസ്സിലായിട്ടുണ്ട്. മരിച്ച വേല്‍മുരുഗന്‍റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു.

കേരളത്തില്‍ നക്‌സല്‍ മൂവ്‌മെന്റ് 70- കളുടെ ആദ്യം രൂപം കൊണ്ടതാണ്. ഇന്ന് ഈ ഗ്രൂപ്പുകളില്‍ പലതും ജനാധിപത്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനമാണ് സി.പി.ഐ, എം.എല്‍. വനാന്തരങ്ങളിലുള്ളവരില്‍ പലരും ജനാധിപത്യത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത്തരത്തില്‍ പെട്ടവരെയെല്ലാം വെടിവെച്ചു കൊല്ലാമെന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല എന്നുമദ്ദേഹം പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *