Categories
education health Kerala news

ലഹരിക്കെതിരായ പോരാട്ടത്തിന് ജനകീയ കാമ്പയിൻ; ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്, ലഹരി കടത്തുന്നവരുടെ ഡാറ്റ ബാങ്ക് തയാറാക്കും

ലഹരിവിരുദ്ധ സ്‌പെഷല്‍ ഡ്രൈവ് നടത്തും

തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കാപ്പ രജിസ്റ്റര്‍ തയാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റ ബാങ്ക് തയാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ തീരുമാനിച്ചു.

അതിര്‍ത്തികളിലും അന്തര്‍സംസ്ഥാന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. പൊലീസിൻ്റെയും എക്‌സൈസിൻ്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സ്‌പെഷല്‍ ഡ്രൈവ് നടത്തും. ലഹരിക്കെതിരായ പോരാട്ടം ജനകീയ കാമ്പയിനായി സംഘടിപ്പിക്കും.

യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബുകള്‍, റസിഡണ്ട്സ് അസോസിയേഷനുകള്‍, സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ കൂട്ടായ്മകള്‍ ഉള്‍പ്പെടെ പ്രാദേശിക കൂട്ടായ്മകളെ കാമ്പയിനില്‍ കണ്ണിചേര്‍ക്കും. ഇതിന് രൂപരേഖ തയാറാക്കും.

കാമ്പയിനിൻ്റെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടത്തും. അന്ന് എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക പി.ടി.എ യോഗങ്ങള്‍ ചേരും. വിക്ടേഴ്‌സ് ചാനല്‍ വഴി ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ എല്ലാ ക്ലാസുകളില്‍ സൗകര്യമൊരുക്കും. ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ / വിഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂര്‍ നീളുന്ന ക്ലാസും ലഹരിക്കെതിരെ പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും സംഘടിപ്പിക്കും.

file image: Times of India

ബസ് സ്റ്റാന്‍ഡുകളിലും ക്ലബുകളടക്കം ഇടങ്ങളിലും ഇത്തരം പരിപാടികള്‍ നടത്തും.

സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ റോള്‍പ്ലേ, സ്‌കിറ്റ്, ലഹരി വിരുദ്ധ കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന തുടങ്ങിയവ ആസൂത്രണം ചെയ്യും. ഗാന്ധിജയന്തി ദിനത്തില്‍ സ്‌കൂള്‍, കോളജ് എന്നിവക്ക് ചുറ്റും ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല സൃഷ്ടിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് മാസത്തിലൊരിക്കല്‍ ഉന്നതതല അവലോകന യോഗം ചേരും. ചീഫ് സെക്രട്ടറി പരിശോധനയും വിലയിരുത്തലും നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest