
രാഷ്ട്രീയ നിരീക്ഷണം: സിദ്ദീഖ് ചമ്പാടൻ: അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ കേരളം ആര് ഭരിക്കും.? പിണറായി വിജയൻ എന്തുകൊണ്ട് BJP ക്ക് വഴങ്ങുന്നു.? മുമ്പ് എതിർത്തിരുന്ന, വർഗീയം പറയുന്ന വെള്ളാപള്ളിയെ ഇന്ന് പിണറായി ന്യായീകരിക്കുന്നത് എന്തുകൊണ്ട്.? കേരളക്കര ചോദിക്കുന്ന ചോദ്യങ്ങൾ പലതുമുണ്ട്. എന്നാൽ അതിനുള്ള ഉത്തരം കണ്ടത്തുക പ്രയാസവുമാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മേൽക്കൈ ആരുടെ നേട്ടമാണ്. ആളുകൾ സസൂക്ഷം വീക്ഷിക്കുന്നുണ്ട്. എല്ലാം മാറും, ഇല്ലങ്കിൽ ജനം മറ്റും എന്ന് യുഡിഎഫ് കേന്ദ്രം കരുതുന്നത് പോലെയാണോ കാര്യങ്ങൾ.? ഭരണം ആരുടെ കയ്യിൽ എത്തും.? “പിടിയും വലിയും” കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയം ഒരു വിലയിരുത്തൽ.
ആദ്യം പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയിൽ നിന്നുതന്നെ തുടങ്ങാം: അടിസ്ഥാനപരമായി പിണറായി വിജയൻ വർഗീയ വാദിയല്ല. അഴിമതി കാരനാണ്. ലാവലിൻ അഴിമതിയിൽ നിന്ന് തുടങ്ങി അദ്ദേഹം ഒന്നുമില്ലായ്മയിൽ നിന്ന് കോടികൾ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. കൂടാതെ പിണറായിയുടെ മകളുടെ മാസപ്പടി കേസ്സടക്കമുള്ള തെളിവുകൾ കേന്ദ്രത്തിൻ്റെ പക്കലുണ്ട്. സ്വർണകടത്ത് ആരോപണവുമുണ്ട്. കൂടാതെ ലൈഫ് മിഷൻ അഴിമതി ആരോപണവും, ഇതെല്ലാം വെച്ച് കേന്ദ്രം പിണറായിയെ മുൾമുനയിൽ നിർത്തിയാണ് ഭരണം തുടരുന്നത്. (ബ്ലാക്‌മെയ്ൽ രാഷ്ട്രീയം എന്ന് വേണമെങ്കിലും പറയാം). ഈ അഴിമതി ആരോപണം മുന്നിലുള്ളത് കാരണം പിണറായി BJP ക്ക് വഴങ്ങുന്നു. അതായത് പിണറായിയുടെ ചരട് BJP യുടെ കയ്യിൽ എന്നതാണ് സാരം. തൃശ്ശൂരിൽ പൂരം കലക്കി, ഹിന്ദുമത വിശ്വാസികളെ പ്രകോപിപിച്ച് വോട്ട് BJP ക്ക് അനുകൂലമാക്കിയതും സുരേഷ് ഗോപിയെ ജയിപ്പിച്ചതും എല്ലാം പിണറായി – BJP ഡീലിൻ്റെ ഭാഗമാണ്. ഇതുകാരണം, LDF ൽ നിന്ന് മാത്രമല്ല UDF ൽ നിന്നും BJP യിലേക്ക് വോട്ടുകൾ ചോർന്നു.
പിണറായി വിജയൻ വെള്ളാപള്ളി കൂട്ടുകെട്ട്: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടത് കോട്ടയായ കണ്ണൂർ ജില്ലയിൽ ധർമ്മടം, മട്ടന്നൂർ, കല്യാശേരി മുതലായ നിയമസഭാ മണ്ഡലങ്ങളിൽ അടക്കം BJP ഇടത് വോട്ട് പിടിച്ചെടുത്താണ് വൻ മുന്നേറ്റമുണ്ടാക്കിയത്. ഇവിടങ്ങളിലെല്ലാം LDF ൻ്റെ ഭൂരിപക്ഷം മുമ്പുള്ളതിനെക്കാൾ 10% കുറഞ്ഞു. ഇവിടങ്ങളിൽ കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന സിപിഎം വോട്ടുബാങ്കായിരുന്ന ഈഴവ, തിയ്യ സമുദായ വോട്ടുകൾ BJPയ്‌ലേക്ക് പോയി എന്നതാണ് കാരണം. ഇത് ഇടത് കേന്ദ്രങ്ങളിൽ ഞെട്ടെലുണ്ടാക്കി. ഈ വോട്ട് ബാങ്ക് നിലനിർത്താൻ വെള്ളാപ്പള്ളിയെ കൂടെ കൂട്ടണം എന്നത് പിണറായി തന്ത്രം. SNDP ഈഴവ നേതാവായ വെള്ളാപ്പള്ളിയെ കയ്യൊഴിയാത്തതും അതിനാലാണ്. എന്നാൽ വെള്ളാപ്പള്ളിയുടെ കടുത്ത വർഗ്ഗീയ പരാമർശങ്ങൾ മുസ്ലിം വിഭാഗത്തിന് വേദനയുണ്ടാക്കുന്നു. വർഗ്ഗീയ പരാമർശങ്ങളിൽ പിണറായി മൗനം പാലിക്കുന്നത് സിപിഎമ്മിന് അകത്തുള്ള മുസ്ലിം വോട്ടുകളിൽ വിള്ളലുണ്ടാക്കി. ഇതിനിടയിൽ ശബരിമല സ്വർണ്ണ കൊള്ളയും വിവാദവും കൂടി വന്നതോടെ ഇടത് വോട്ടുകളിൽ വലിയ ചോർച്ചയാണുണ്ടായത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ UDFന് നേട്ടമുണ്ടായത് ഇടത് കേന്ദ്രങ്ങളിലെ പ്രശ്നങ്ങളാണ്. അല്ലാതെ UDF ൻ്റെ മേൻമകൊണ്ടോ, മഹിമ കൊണ്ടോ അല്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കണ്ട്, കേരള ഭരണം പിടിക്കാം എന്ന UDFൻ്റെ അമിത ആത്മവിശ്വാസം വ്യാമോഹം മാത്രമായി അവശേഷിക്കും. രാഷ്ട്രീയത്തിൽ ഒരിക്കലും ഒന്നും ഒന്നും രണ്ടല്ല.
രാഷ്ട്രീയ ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് സ്ഥിരമായി ഒരു മുന്നണിയുടെയും കൂടെ കൂടാത്ത നിഷ്പക്ഷ വോട്ടർമാരാണ്. ഓരോ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ഇവർ ഏത് ഭാഗത്തേക്കും മാറാം. അത് അനുസരിച്ചാണ് കേരളത്തിലെ ഭരണവും മാറി മറിയുന്നത്. എന്നാൽ യുഡിഎഫിന് അനുകൂല തരംഗം ഉണ്ട് താനും. അതിനെ പ്രയോജന പെടുത്താൻ മാത്രം ശാന്ത സ്വഭാവം യുഡിഎഫ് നേതാക്കൾക്കില്ല. അര ഡസനോളം മുഖ്യമന്ത്രിസ്ഥാന മോഹികളാണ് UDFനെ പിറകോട്ട് വലിക്കുന്നത്. സ്ഥാന മോഹികളെ ഭരണ മേൽപ്പിച്ചാൽ കേരളത്തിന്റെ കാര്യമോ.? തമ്മിൽ തല്ലാനും അഴിമതികൾ നടത്താനും മാത്രമേ സമയമുണ്ടാകൂ എന്ന സംസാരം പൊതുവെ ജനങ്ങൾക്കിടയിലുണ്ട്. ആരെയും ഭയക്കാതെ മന്ത്രിമാർ മൽസരിച്ച് അഴിമതി നടത്തും എന്ന പേടിയും പൊതുജനത്തിനുണ്ട്.
പിടിച്ചതിലും വലുതാണ് മാളത്തിലുള്ളത്: പാർട്ടിയിലും, ഭരണത്തിലും ചോദ്യം ചെയ്യപെടാത്ത, സുപ്രിം കമാണ്ടും ഏകാധിപതിയുമായ പിണറായിയെ ഭയന്ന് മറ്റു മന്ത്രിമാർക്ക് അഴിമതി നടത്താൻ തന്നെ പേടിയാണ്. പിണറായി ഭരണത്തിൽ മേൽത്തട്ടിൽ അഴിമതി ഉണ്ടെങ്കിലും താഴെ തട്ടിൽ അഴിമതി കുറഞ്ഞിട്ടുണ്ട്. UDF അധികാരത്തിൽ വന്നാൽ അതായിരിക്കുമോ അവസ്ഥ.? മുഖ്യമന്ത്രി ആരായാലും മറ്റ് മന്ത്രിമാരെ നിയന്ത്രിക്കാൻ സാധിക്കില്ല എന്നത് യുഡിഎഫിലെ പരമ സത്യമാണ്. കാരണം, മന്ത്രിമാർ തന്നെ കാല് വാരി, സ്വന്തം പാർട്ടിയിലെ തൻ്റെ എതിരാളിയെ മുഖ്യമന്ത്രി ആക്കുമോ എന്ന ഭയം ഓരോ നേതാവിനും ഉണ്ടാകും. ഘടക കക്ഷികളുടെ എല്ലാ നീക്കങ്ങൾക്കും മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടി വരും. സ്വന്തം പാർട്ടിക്കാരും, ഘടക കക്ഷികളും കെ.കരുണാകരനേയും, എ.കെ ആന്റണിയെയും കാലുവാരി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെ ഇറക്കിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. മുമ്പ് കോൺഗ്രസിൽ കരുണാകരൻ്റെയും, ആന്റണിയുടെയും രണ്ട് ഗ്രൂപുകൾ മാത്രമേ കോൺഗ്രസിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അഞ്ചോളം ഗ്രൂപുകൾ ഉണ്ട് എന്നതാണ് യാഥാർഥ്യം. ഓരോ നേതാവിനും ഓരോ ഗ്രൂപ്പ് എന്നാണ് വെപ്പ്. മുഖ്യമന്ത്രി പദത്തിനായി ഇപ്പോഴേ ചരടുവലി തുടങ്ങി. അതിനാൽ തന്നെ എല്ലാ നേതാക്കളെയും തൃപ്ത്തിപെടുത്തി മുന്നോട്ട് പോകുന്നവനായിരിക്കും കോൺഗ്രസ്സിലെ മുഖ്യമന്ത്രി സ്ഥാനം.

വർഗ്ഗീയത: പൊതു സമൂഹം ഇന്ന് വർഗ്ഗീയവൽകരിക്കപെട്ടിരിക്കുന്നു. പഴയ കലാമല്ല, വർഗ്ഗീയമായി ചിന്തിക്കുന്ന ആളുകളാണ് ഇന്ന് കൂടുതലും. ഈ ചിന്താഗതി സിപിഎം മുതലെടുക്കുന്നു. എതിർപക്ഷത്തുള്ള മുസ്ലിം ലീഗ്, വെൽഫയർ പാർട്ടി, ജമാഅത്ത് തുടങ്ങിയ മുസ്ലിം പാർട്ടികളെ ചൂണ്ടി, വർഗ്ഗീയത പറയുന്നു. UDF നെ വെട്ടിലാക്കാനും വോട്ട് മറിക്കാനുമനു ശ്രമം. യുഡിഎഫ് വിജയിച്ചാൽ കേരളത്തിൽ മുസ്ലിം ആധിപത്യമുള്ള ഭരണമായിരിക്കും വരിക എന്നുവരെ പറയുന്നവരുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന്, അഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ലാമിക്ക് എന്നൊക്കെ പറഞ്ഞും ഇടത് കേന്ദ്രം വോട്ട് പിടിക്കും. പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ വരാൻ തീവ്ര ശ്രമം നടത്തുന്നുണ്ട്. മുഖ്യമന്ത്രി കസേരയാണല്ലോ എല്ലാവരുടെയും സ്വപ്നം. പിണറായി ഭരണം നിലനിർത്താൻ എല്ലാ രഹസൃ സഹായങ്ങൾ BJP നൽകും. വെള്ളാപള്ളിയുടെ സമുദായ വോട്ട് പിണറായിക്ക് സ്വന്തം. UDFന് അത്ര എളുപ്പമല്ല കാര്യങ്ങൾ എന്നതാണ് സാരം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുന്നത് പോലെ അത്ര എളുപ്പമല്ല വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പ്. എഴുത്ത്: ✍️ സിദ്ദീഖ് ചമ്പാടൻ
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
