Categories
business health Kerala news

കശുവണ്ടിക്ക്‌ ലോട്ടറിയടിച്ചത് ഓണക്കിറ്റിലെ വി.ഐ.പി ആയതിനാൽ, 80 ലക്ഷം പാക്കറ്റിലായി 400 ടണ്‍ പരിപ്പാണ് ആവശ്യം

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തോട്ടണ്ടിക്ക് വിലക്കൂടുതലും പരിപ്പിന് വിലക്കുറവും

കൊല്ലം / കാസർകോട്‌: സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റിലെ വി.ഐ.പി വിഭവമാണ് കശുവണ്ടിപരിപ്പ്. ഇത്തവണ അമ്പത് ഗ്രാമിൻ്റെ 80 ലക്ഷം പാക്കറ്റിലായി 400 ടണ്‍ പരിപ്പാണ് ആവശ്യം. ഇതത്രയും എത്തിക്കുക കശുവണ്ടി വികസന കോര്‍പ്പറേഷനും കാപക്‌സും ചേര്‍ന്നാണ്. ഇരു സ്ഥാപനങ്ങള്‍ക്കും 40 കോടിയുടെ വിറ്റുവരവുണ്ടാകും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തോട്ടണ്ടിക്ക് വിലക്കൂടുതലും പരിപ്പിന് വിലക്കുറവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കശുവണ്ടി വ്യവസായത്തിന് ഈ തീരുമാനം വലിയ ആശ്വാസമാകും.

സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ കാഷ്യൂ കോര്‍പറേഷൻ്റെ കൊല്ലത്തെ ഫാക്റി സന്ദര്‍ശിച്ചിരുന്നു. പാക്കിങ് ജോലി തുടങ്ങി. ഒരു ലക്ഷം പാക്കറ്റ് ചൊവ്വാഴ്‌ച വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണിലെത്തും.

സര്‍ക്കാരിൻ്റെ നിലപാട് കശുവണ്ടി വ്യവസായത്തിന് ഉണര്‍വേകുമെന്നും കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹനും കാമ്പക്‌സ് ചെയര്‍മാന്‍ എം.ശിവശങ്കര പിള്ളയും പറഞ്ഞു. കശുവണ്ടി പരിപ്പില്‍നിന്ന് കാഷ്യൂവിറ്റ ഉല്‍പ്പാദിപ്പിച്ച്‌ കുട്ടികള്‍ക്ക് നല്‍കാനും കശുമാങ്ങയില്‍ നിന്ന് ഫെനി ഉല്‍പ്പാദിപ്പിക്കാനുമുള്ള പദ്ധതി സര്‍ക്കാരിൻ്റെ പരിഗണനയിലാണ്.

അതിനിടെ ഇത്തരം തീരുമാനങ്ങൾ ഭാവിയിൽ എത്രത്തോളം ഗുണം ചെയ്യുമെന്നുള്ള ആശങ്കയിലാണ് കേരളത്തിലെ കർഷകർ. സർക്കാർ സംഭരണം ഇല്ലാത്തതിനാൽ കശുവണ്ടി കർഷകരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് സ്വകാര്യ വ്യാപാരികൾ വാങ്ങി അന്യ സംസ്ഥാനത്തേക്ക് നികുതി വെട്ടിച്ച് കടത്താറുണ്ട്.

ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ കശുവണ്ടി കാഷ്യൂ കോര്‍പറേഷനും കാമ്പക്‌സിനും കഴിഞ്ഞ സീസണുകളിൽ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്. കേരളത്തിലെ കാശുവണ്ടി അന്യ സംസ്ഥാനത്തേക്ക് അതിർത്തി കടന്നു പോകുന്നതിനാൽ നിലവാരം കുറഞ്ഞ തോട്ടണ്ടി തായ്‌ലൻഡ്, മലേഷ്യാ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കാലാകാലങ്ങളിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്നതായും റിപ്പോർട്ടുകളുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest