
തിരുവനന്തപുരം: യുഡിഎഫ് കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി തീരുമാനത്തിലെ കല്ലുകടി വിദ്യാഭ്യാസ വകുപ്പിന് തലവേദനയാകുന്നു. മന്ത്രിസഭാ രൂപീകരണം വെക്കുന്നതാണ് തലവേദനക്ക് കാരണം. SSLC ഫല പ്രഖ്യാപനം വൈകുകയാണ്. വിദ്യാഭ്യാസ വകുപ്പ് മുൻ UDF സർക്കാർ കാലത്ത് മുസ്ലിം ലീഗിനായിരുന്നു. പുതിയ സർക്കാരിൽ ആരാണോ വിദ്യാഭ്യാസ വകുപ്പ് ഏറ്റടുക്കുന്നത് അവർക്ക് വലിയ വെല്ലുവിളിയാണ് നിലവിലെ സാഹചര്യം. രണ്ട് ആഴ്ചക്കകം പാഠപുസ്തക വിതരണം നടത്തേണ്ടതുണ്ട്. അതുകൂടാതെ സ്കൂൾ ആരംഭ ഘട്ടത്ത് ചെയ്യേണ്ട കാര്യങ്ങളിലും ആശങ്കയുണ്ട്. സർക്കാർ മാറിയതോടെ വകുപ്പിലെ ഉദ്യോഗസ്ഥരും നിസ്സഹായരായി. അതാത് സമയം സർക്കാർ നിർദേശപ്രകാരം കാര്യങ്ങൾ നീക്കുന്ന ഉദ്യോഗസ്ഥർക്ക് നിലവിൽ സാഹചര്യം നാഥനില്ലാ അവസ്ഥ പോലെയാണ്. മന്ത്രിസഭാ വൈകുന്നതും ഉദ്യോഗസ്ഥർക്ക് കൂടുതൽ വെല്ലുവിളിയാണ്.
അതിനിടെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം നാളെയുണ്ടായേക്കുമെന്ന് സൂചന പുറത്ത് വരുന്നു. നാളെ ചേരുന്ന പരീക്ഷ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഫലം പ്രഖ്യാപനം എപ്പോൾ, ആര് നടത്തണമെന്നതിൽ തീരുമാനമെടുക്കാനാണ് സാധ്യത. സർക്കാർ രൂപീകരണം വൈകുന്നതിൽ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. വെള്ളിയാഴ്ച ഫലപ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു മുൻ മന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞത്. മൂല്യനിർണയം പൂർത്തിയായി. പരീക്ഷ ബോർഡ് ചേർന്ന് ഫലം അംഗീകരിച്ച് അന്തിമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ പ്രഖ്യാപിക്കാം. പക്ഷെ പുതിയ സർക്കാർ ഇനിയും അധികാരമേൽക്കാത്ത സാഹചര്യത്തിൽ ആര് ഫലം പ്രഖ്യാപിക്കണം, എപ്പോൾ പ്രഖ്യാപിക്കണമെന്ന കാര്യത്തിലാണ് പരീക്ഷ ബോർഡ് തീരുമാനമെടുക്കേണ്ടത്. ലോക്സഭാ പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാൽ 2019ൽ ഫലം പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. 2016ൽ ഫലം പ്രഖ്യാപിച്ചത് ചീഫ് സെക്രട്ടറിയായിരുന്നു. ഇതുപോലുള്ള മുൻ സാഹചര്യങ്ങൾ നിലവിലുള്ളതിനാൽ ഉന്നത ഉദ്യോഗസ്ഥർ ഫലം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പുതിയ മന്ത്രിക്കായി കാത്തിരിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനമെങ്കിൽ 4.17 ലക്ഷം വിദ്യാർത്ഥികളുടെ കാത്തിരിപ്പും നീളും. സംഭവത്തിൽ അലംഭാവം ഉണ്ടായാൽ ഇടത് നേതാക്കൾ പുതിയ മന്ത്രിക്കെതിരെ രംഗത്ത് വരും. വിദ്യഭ്യസ വകുപ്പ് മുസ്ലിം ലീഗിനെങ്കിൽ ലീഗിന് തലവേദന കൂടും.
