
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാലിൻ്റെ വീട്ടിലെത്തിയ വിജയിയെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സ്വീകരിച്ചു. തുടർന്ന് മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. വിജയ്‌യും സ്റ്റാലിനും പരസ്പരം ഷാള്‍ അണിയിച്ചു. ഉദയനിധി സ്റ്റാലിന്‍ വിജയ്ക്ക് ഒരു പുസ്തകവും സമ്മാനമായി നല്‍കി.
അതേസമയം പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എം.എല്‍.എ മുതിർന്ന അംഗം എം.വി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു. വിജയ്യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. കോൺഗ്രസ്, ഇടത്, മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളുടെ പിന്തണയോടെയാണ് ഭരണം ഉറപ്പിച്ചത്. പിന്തുണ ലഭിച്ച പാർട്ടികൾ സ്റ്റാലിൻ ഒപ്പം ഉണ്ടായിരുന്ന ഡി.എം.കെയുടെ സഖ്യ കക്ഷികളാണ്. ഇവരിൽ കോൺഗ്രസ് സ്റ്റാലിന്റെ അനുവാദം ഇല്ലാതെ പിന്തുണ നൽകിയെങ്കിലും ഇടത് പാർട്ടികളും മുസ്ലിം ലീഗും സ്റ്റാലിന്റെ അനുവാദത്തോടെയാണ് വിജയിക്ക് പിന്തുണ നൽകിയത്. ബിജെപി സംസ്ഥാനത്ത് പിടിമുറുക്കാതിരിക്കാനാണ് മറ്റു പാർട്ടികൾ വിജയിക്ക് പിന്തുണ നൽകിയത്.
