പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം; ലിംഗസമത്വ യൂണിഫോമിന് എതിരെ എം.കെ മുനീർ, കാൾ മാർക്‌സിനേയും ലോക കമ്യുണിസ്‌റ്റ് നേതാക്കൾക്ക് എതിരെയും വ്യക്തിഹത്യ

You are currently viewing പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം; ലിംഗസമത്വ യൂണിഫോമിന് എതിരെ എം.കെ മുനീർ, കാൾ മാർക്‌സിനേയും ലോക കമ്യുണിസ്‌റ്റ് നേതാക്കൾക്ക് എതിരെയും വ്യക്തിഹത്യ

കോഴിക്കോട് / തിരുവനന്തപുരം: ലിംഗസമത്വം എന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും എം.എൽ.എയുമായ എം.കെ മുനീർ. ലിംഗസമത്വമല്ല, ലിംഗനീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ എംഎസ്എഫ് ക്യാമ്പയിൻ്റെ ഭാഗമായ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു എം.കെ മുനീർ.

“സ്ത്രീക്കും പുരുഷനും തുല്യത ഉണ്ടാകണം, എന്നാൽ ഇനി മുതൽ സ്കൂളുകളിൽ സ്ത്രീക്കും പുരുഷനും ഒറ്റ ബാത്റൂമേ ഉണ്ടാകൂ. സ്ത്രീയുടെ സ്വകാര്യതയെ മറികടക്കാനാണ് ഇവരുടെ ശ്രമം.

ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായി കഴിഞ്ഞു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ പാൻ്റും ഷർട്ടും ഇടണമെന്ന് പറഞ്ഞു. എന്തുകൊണ്ട് തിരിച്ചായിക്കൂടാ?. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരുകയില്ലേ?. പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാൻ്റ് ഇടീക്കുന്നത്. പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം.”

ലോകത്ത് ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ സ്ത്രീകളെ എടാ എന്നാണ് വിളിക്കേണ്ടത്. എന്തുകൊണ്ട് അവിടെ ആണിൻ്റെ സ്ഥാനത്തിനു കൂടുതൽ വില കൊടുക്കുന്നു. ആൺകോയ്മ അവിടെ വീണ്ടും ഉണ്ട്. തിരിച്ചു പുരുഷനെ എടീ എന്ന് വിളിക്കാൻ പറയുന്നില്ല. എല്ലാവരും ന്യൂട്രാലിറ്റിയിൽ എത്തിക്കഴിഞ്ഞാൽ എടാ എന്ന വിളിയിലേക്കു പോകും. ജെൻഡർ ന്യൂട്രാലിറ്റി എന്നു പറഞ്ഞുകൊണ്ട് ജെൻഡർ ഇൻഇക്വാലിറ്റി ഉണ്ടാക്കുകയാണ്.

സ്ത്രീകളെ വീണ്ടും അധപതനത്തിലേക്കു കൊണ്ടുപോകുകയും പുരുഷകോയ്മ തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം എന്നു വിളിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് തന്ത്രങ്ങളാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നമുക്കാവശ്യം ലിംഗനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഞ്ഞടിച്ച് എസ്.എഫ്.ഐ

ലിംഗസമത്വ വിഷയത്തിൽ മുസ്ലീം ലീഗ് നേതാവും എം.എൽ.എയുമായ എം.കെ മുനീർ നടത്തിയ പ്രസ്താവനയ്ക്കെതിരെ എസ്.എഫ്.ഐ. മുനീറിന്‍റെ പ്രസ്താവന മുസ്ലിം ലീഗിന്‍റെയും എംഎസ്എഫിന്‍റെയും പുരുഷാധിപത്യ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് സംഘടന പറഞ്ഞു. പെൺകുട്ടികൾ എന്നും രണ്ടാംതരക്കാരായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്.

എം.കെ മുനീറിന്‍റെ പുരോഗമന വിരുദ്ധമായ ഈ പ്രസ്താവനയെ നിറകൈയ്യടികളോടെ ആണ് വേദിയിലും സദസ്സിലുമിരിക്കുന്ന എം.എസ്.എഫ് പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുസ്ലിം ലീഗിന്‍റെ പുരുഷാധിപത്യ മനോഭാവത്തിൽ നിന്ന് ഒരടി പോലും മുന്നോട്ട് പോകാൻ എം.എസ്.എഫിന് സാധിച്ചിട്ടില്ല എന്ന് ഇതിലൂടെ മനസ്സിലാക്കാം.

ഐ.എൻ.എൽ രംഗത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി നടത്തിയ അധിക്ഷേപം മാന്യത തൊട്ടുതീണ്ടാത്തതും തരം താഴ്ന്നതുമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
ജെന്‍ഡല്‍ ന്യൂട്രാലിറ്റിയും ലിംഗ സമത്വവുമൊക്കെ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. അതിന് ശ്രമിക്കാതെ ഏതവസരം കിട്ടുമ്പോഴും വ്യക്തികളില്‍ ഈന്നി സംസാരിക്കാനും അതുവഴി വ്യക്തിവിരോധം ഛര്‍ദിച്ചു തീര്‍ക്കാനും തുനിയുന്നത് ദുഷിച്ച മാനസിക അവസ്ഥയുടെ പ്രതിഫലനമാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം പുരുഷാധിപത്യ ആക്രോശങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് കേരളത്തിലെ ക്യാമ്പസുകളിൽ ആൺ- പെൺ- ട്രാൻസ് ജെൻഡർ വ്യത്യാസങ്ങളില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവണമെന്നും, അത്തരം പ്രവർത്തനങ്ങളുടെ കൂടെ കേരളത്തിലെ ക്യാമ്പസുകൾ അണിനിരക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ കെ.അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ ആവശ്യപ്പെട്ടു.

മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ മിക്‌സഡ് സ്‌കൂള്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നയത്തെ വിമര്‍ശിച്ച എം.കെ മുനീറിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. 16-ാം നൂറ്റാണ്ടിലെ പ്രസ്താവനയാണ് മുനീര്‍ നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് ലിംഗനീതി, ലിംഗതുല്യത, ലിംഗബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

“മിക്‌സഡ് സ്‌കൂള്‍ വെറുതെയങ്ങ് പ്രഖ്യാപിക്കുകയല്ല ചെയ്തത്. സ്‌കൂള്‍ അധികാരികള്‍ക്കും പാരൻ്റെസ് അസോസിയേഷനും മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ പി.ടി.എയും രക്ഷാകര്‍ത്താക്കളും യോഗം ചേരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനിക്കണം. അതിനുശേഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കണം. ഇത്രയും നടപടിക്രമങ്ങള്‍ കഴിഞ്ഞ ശേഷമാണ് മിക്‌സഡ് സ്‌കൂളുകള്‍ പ്രഖ്യാപിക്കുന്നത്-” മന്ത്രി ചൂണ്ടിക്കാട്ടി.

0Shares