
മംഗളുരു: പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ സാരഥിയുമായ മുംതാസ് അലിയുടെ മരണം നാടിനെ ഞെട്ടിച്ചു. തികളാഴ്ച്ച പുലർച്ചയാണ് മുംതാസ് അലിയുടെ കാർ കുളൂർ പാലത്തില്‍ മുൻവശം തകർന്ന നിലയില്‍ കണ്ടെത്തിയത്. ഇതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഴയിൽ ചാടിയതാണെന്ന നിഗമനത്തിൽ പോലീസ് പുഴയിൽ തിരച്ചിൽ നടത്തി. എൻ.ഡി.ആർ.എഫ്, മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അടങ്ങുന്ന സംഘം നടത്തിയ തിരച്ചലിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കർണ്ണാടക മുൻ എം.എല്‍.എ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനാണ് മരണപ്പെട്ട മുംതാസ് അലി. 52 കാരനായ മുംതാസ് അലിക്ക് ശത്രുക്കൾ ഉള്ളതായോ, മറ്റു ഇടപാടുകളിൽ പെട്ടതാണോ എന്നുള്ള വിശദമായ അന്വേഷണത്തിലാണ് പോലീസ്. ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ കൊലപാതകമാണോ എന്നതിലും സംശയങ്ങളുണ്ട്. മുംതാസ് അലിയെ ബ്ലാക് മെയില്‍ ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുക്കുകയും അധികമായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്ന ആരോപണം നിലനിൽക്കുകയാണ്. കുടുംബ പരമായുള്ള ബന്ധവും അന്വേഷിക്കുന്നു.

മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. മുംതാസ് അലിയെയുടെ സഹോദരൻ ഹൈദർ അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റഹ്‌മത്, അബ്ദുല്‍ സത്താർ, ശാഫി, മുസ്ത്വഫ, ശുഐബ്, സിറാജ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. പൊതുരംഗത്തും സാമൂഹിക സേവനത്തിലും മതപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന മുംതാസ് അലിയുടെ മരണം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം ആത്മഹത്യ ചെയ്യില്ല എന്ന് പറയുന്നവരാണ് ഏറെയും. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.
