സി.പി.എം ഓഫീസിലേക്ക് ബി.ജെ.പിയുടെ അപ്രതീക്ഷിത മാർച്ച്; ഇരു കൂട്ടരും നേർക്കുനേർ; പോലീസ് ലാത്തിവീശി, കല്ലേറിൽ നിരവധിപേർക്ക് പരിക്ക്

You are currently viewing സി.പി.എം ഓഫീസിലേക്ക് ബി.ജെ.പിയുടെ അപ്രതീക്ഷിത മാർച്ച്; ഇരു കൂട്ടരും നേർക്കുനേർ; പോലീസ് ലാത്തിവീശി, കല്ലേറിൽ നിരവധിപേർക്ക് പരിക്ക്

തൃശ്ശൂർ: സി.പി.എം ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ അപ്രതീക്ഷിത പ്രതിഷേധ പ്രകടനം കൈയാങ്കളിയിൽ കലാശിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സി.പി.എം നടത്തിയ പ്രതിഷേധത്തിനെതിരെയാണ് ബി.ജെ.പിയുടെ പ്രതിഷേധം. സി.പി.എം ഓഫീസിന് മുന്നിലെത്തിയ ബി.ജെ.പി പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി ഉന്തും തള്ളും ഉണ്ടായി. സ്ഥലത്ത് സിപിഎം പ്രവർത്തകരും നേർക്കുനേർ വന്നെങ്കിലും പോലീസ് ഇടപെട്ട് പിൻതരിപ്പിച്ചു. പിന്നീട് പോലീസ് ബി.ജെ.പി പ്രവർത്തകരെ ലാത്തി വീശിയാണ് ഒഴിവാക്കിയത്. പോലീസ് ലാത്തിച്ചാർജിൽ ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി പ്രവർത്തകർക്ക് അടിയേറ്റു. ഇരു കൂട്ടരും കല്ലും കട്ടയും വലിച്ചെറിഞ്ഞതിൽ നിരവധിപേർക്ക് പരിക്കേറ്റു.

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എം.പി ക്യാമ്പ് ഓഫീസിലേക്ക് വൈകിട്ടോടെ സി..പിഎം മാര്‍ച്ച് നടത്തിയത്. സി.പി.എം പ്രവര്‍ത്തകരിലൊരാള്‍ എം.പിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡിൽ കരി ഓയിൽ ഒഴിക്കുകയും ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഈ സംഭവമാണ് ബിജെപിയെ ചൊടിപ്പിച്ചതും അപ്രതീക്ഷിത പ്രതിഷേധത്തിന് കാരണവും.

0Shares