
ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശമില്ലന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കുന്ന പ്രശ്നമില്ല. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളി ആയാൽ അവർക്കുള്ള മറുപടി ഭയാനകമായിരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. പടക്കപ്പലുകൾ വിന്യാസം ഉറപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ ഉടനീളം തെഹ്റാനിലടക്കം ഇസ്രയേലിന്‍റെ ആക്രമണമുണ്ടായി. ഇതിനിടെ, ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമാക്കി രാത്രിയിലും ഇറാന്‍റെ മിസൈൽ ആക്രമണവും തുടര്‍ന്നു. ഹൈഫയിലേക്കും ടെൽ അവീവിലേക്കും ഇറാൻ അയച്ച മിസൈലുകൾ പലയിടത്തും ലക്ഷ്യം കണ്ടു. ഇറാനിലെപ്പോലെ ഇസ്രയേലിലും വലിയ നാശനഷ്ടം സംഭവിക്കുന്നുണ്ട്. എന്നാൽ ഇസ്റായേൽ സംഭവം പുറംലോകം അറിയാതിരിക്കാനാണ് ശ്രമിക്കുന്നത്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും സോഷ്യൽ മീഡിയകളിൽ വീഡിയോകൾ പ്രചരിക്കുന്നത് തടയാനുമാണ് ഇസ്രായേൽ ഭരണകൂടം ശ്രമിക്കുന്നത്.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ കൂടുതൽ ആക്രമണം നടത്തുകയാണ് ഇസ്രായേൽ. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 450 കടന്നു. ഇസ്രയേലിന്‍റെ ആക്രമണങ്ങളിൽ ഇറാനിലെ നതാൻസ് ആണവോർജ കേന്ദത്തിന്‍റെ ഭൂഗർഭ അറകളിൽ കാര്യമായ നാശം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇസ്ഫഹാൻ അടക്കം മറ്റു കേന്ദ്രങ്ങളിൽ ഭൂഗർഭ സംവിധാനങ്ങൾക്ക് തകരാറില്ല എന്നാണ് ഇറാൻ വാർത്താ റിപ്പോർട്ട്. ഇറാനിലെ ആയുധ ശേഖരണങ്ങളിൽ വലിയ ഭാഗവും ഭൂഗർഭ അറകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ നിന്നും ആവശ്യത്തിന് മാത്രമാണ് പുറത്തെടുക്കുന്നത്. ഈ കേന്ദ്രം തകർക്കാനാണ് ഇസ്രായേൽ ശ്രമം നടത്തുന്നത്. ഇസ്രായേൽ ലക്ഷ്യമാക്കി തൊടുത്ത ബാലസ്റ്റിക്ക് മിസൈലുകൾ വലിയ കെട്ടിടങ്ങളും മറ്റും തകർക്കുകയാണ്. ഇന്ന് ഇസ്രായേലിലെ ആശുപത്രിയും ആക്രമിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണ്. അതേസമയം സമാധാനത്തിനായുള്ള ശ്രമങ്ങളും മറ്റു യൂറോപ്പിയൻ രാജ്യങ്ങളും അറബ് രാജ്യങ്ങളും ചേർന്ന് നടത്തുകയാണ്. സമാധാനം ഉണ്ടായില്ലെങ്കിൽ അറബ് രാഷ്ട്രങ്ങൾക്കും വലിയ നഷ്ട്ടം സംഭവിക്കും എന്നാണ് പറയപ്പെടുന്നത്. അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തി എന്നാണ് വിവരം.
