
ദോഹ: ഖത്തറിൽ ചേർന്ന അറബ്, ഇസ്ലാമിക് ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ വലിയ വിമർശനം ഉയർന്നു. അറബ് – ഇസ്ലാമിക് ലോകത്ത് ഒരു രാജ്യത്തെ ആക്രമിച്ചാൽ അത് കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കണമെന്ന് നിർദേശമുയർന്നു. അബ്രഹാം കരാറിനെ ഉൾപ്പടെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പ്രതിരോധ രംഗത്തുൾപ്പെടെ ഒന്നിച്ച് നിന്ന് ചെറുക്കാനും ജി.സി.സി കൂട്ടായ്മ തൂരുമാനിച്ചു. ഇറാൻ പ്രസിഡണ്ട് നേരിട്ടെത്തിയത് ശ്രദ്ധേയമായി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ, സിറിയ പ്രസിഡണ്ടുമാരെ പ്രത്യേകം കണ്ടു. ഭാവി വെല്ലുവിളികളെ നേരിടാൻ പ്രതിരോധ സഹകരണം തുർക്കി വാഗ്ദാനം ചെയ്തു. ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ആഹ്വാനം ചെയ്ത് ഇറാൻ, ആവശ്യമെങ്കിൽ പ്രതോരോധ മേഖലയിൽ എല്ലാ സഹായങ്ങളും വാഗ്‌ദനം ചെയ്തു.
ഡിഫൻസ് കൗൺസിൽ വിളിച്ചു ചേർക്കാൻ ജിസിസി കൗൺസിൽ തീരുമാനിച്ചു എന്നാണ് വിവരം. അറബ് – ഇസ്ലാമിക് ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐക്യത്തിൻ്റെ ശക്തി പ്രകടനമാക്കാനായിട്ടുണ്ട് ദോഹയിലെ ഉച്ചകോടി. അതേസമയം ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം സാമ്പത്തിക ഉപരോധം അടക്കം നയതന്ത്രത്തിലൂടെ നേരിടാനാണ് സാധ്യത. ആവശ്യമെങ്കിൽ നേരിട്ട് നേരിട്ടേക്കും. ഗസ്സയെ സ്വതന്ത്രമാക്കി ജന സുരക്ഷക്ക് മുൻഗണന നൽകാനാണ് തീരുമാനം. അമേരിക്കയുടെ ഇരട്ടത്താപ്പ് മനസ്സിലാക്കി പ്രവർത്തിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. അതേസമയം ഇസ്രയേൽ സന്ദർശനത്തിന് ശേഷം അടുത്ത ദിവസം ഖത്തറിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിരീക്ഷിക്കുകയാണ് അറബ് ലോകം.
