
പീതാംബരൻ കുറ്റിക്കോൽ
കാഞ്ഞങ്ങാട്(കാസർകോട്): 38 വർഷം മുമ്പ് മികച്ച ഗായകനായി സംസ്ഥാന അംഗീകാരം നേടിയ ഗായകൻ ഇന്നും ഈണം മറക്കാത്ത പ്രതിഭയായുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ ഒന്നാം സ്ഥാനക്കാരനായ ബന്തടുക്ക, കൂക്കംകയയിലെ ധനഞ്ജയന് മധുരിക്കുന്ന ഓർമ്മകൾ പറയാൻ ഏറെയുണ്ട്. കാഞ്ഞങ്ങാട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങൊരുങ്ങുമ്പോൾ 38 വർഷം മുമ്പത്തെ മികച്ച ഗായകനെന്ന സംസ്ഥാന അംഗീകാരം നേടിയ പാട്ടുകാരനെ സാംസ്കാരിക സമൂഹത്തിന് എങ്ങനെ മറക്കാനാകും. 1979-80 വർഷത്തിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ ശ്രീ ശങ്കരാചാര്യ സ്തുതിയായ ‘ഭജ ഗോവിന്ദം…’ എന്ന ഗാനം ആലപിച്ച് അവിഭക്ത കണ്ണൂർ ജില്ലയ്ക്കുവേണ്ടി ഹൈസ്കൂൾ വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. അന്ന് ധനഞ്ജയൻ ബന്തടുക്ക ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിയായിരുന്നു. ലളിതഗാനം ആലപിക്കുമ്പോൾ മൂവായിരത്തോളം കാണികൾ വേദിയിലുണ്ടായിരുന്നതായും സമാപന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങുമ്പോൾ പതിനായിരക്കണക്കിന് ആളുകളുടെ കൂട്ടം ഉണ്ടായിരുന്നതായും പഴയകാല കലോത്സവ ഓർമ്മകൾ ധനഞ്ജയൻ പങ്കുവെയ്ക്കുന്നു.

അന്നത്തെ കേരള ഗവർണർ ജ്യോതി വെങ്കിടാചലത്തിൻ്റെ കൈയ്യിൽ നിന്നും ഒന്നരയടിയോളം നീളവും ഒരടിയോളം വീതിയിലുമുള്ള സർട്ടിഫിക്കറ്റും, വ്യക്തിഗത ട്രോഫിയും, അരയോളം ഉയരമുള്ള റോളിംഗ് ട്രോഫിയും ഉപഹാരമായി ലഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് കാലപ്പഴക്കത്തിൽ നശിച്ചുപോയതായി ധനഞ്ജയൻ പണിക്കർ ചാനൽ ആർ.ബിയോട് പറഞ്ഞു. അച്ഛൻ്റെ കൂടെ കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിലെത്തി അവിടന്ന് ഉദ്യോഗസ്ഥരൊന്നിച്ചാണ് താൻ സർക്കാർ ചെലവിലും അച്ഛൻ സ്വന്തം ചെലവിലുമായി തിരുവനന്തപുരത്തേക്ക് മത്സരത്തിന് പോയതെന്ന് അദ്ദേഹം പറഞ്ഞു. മലയോര പ്രദേശത്തെ സ്കൂളിനും നാടിനും എക്കാലവും അഭിമാനമായ ഒരു 13 കാരൻ വിദ്യാർത്ഥി നേടിയ സംസ്ഥാന യുവജനോത്സവത്തിലെ വിജയം ഇന്നാർക്കും ഓർമ്മയുണ്ടാവില്ല. 1979 മുതൽ ജില്ലാതലത്തിൽ മൂന്നുതവണ ഒന്നാംസ്ഥാനവും ഒരു തവണ രണ്ടാംസ്ഥാനവും ലഭിക്കുകയുണ്ടായി.
തെയ്യം കലാകാരനായിരുന്ന പടുപ്പ്, തവനത്ത് കുമാരൻ പണിക്കരുടെയും തമ്പായി അമ്മയുടെയും മകനാണ് ധനഞ്ജയൻ. കുട്ടിയായിരിക്കുമ്പോൾ ആകാശവാണി റേഡിയോ ഗാനങ്ങൾ അനുകരിച്ചു പാടുമായിരുന്നു. കുറ്റിക്കോൽ എ.യു.പി.സ്കൂളിൽ പഠിക്കുമ്പോൾ സാഹിത്യ സമാജത്തിൽ പാട്ടുപാടി തുടങ്ങിയതാണ് തൻ്റെ സംഗീതത്തിന് തുടക്കമായതെന്ന് ധനഞ്ജയൻ ഓർക്കുന്നു. സംഗീതം പഠിച്ചിരുന്ന പിതാവിൽ നിന്നാണ് ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. പിന്നീട് ഡൽഹി ഭാരതീയ കലാകേന്ദ്രം, ഡൽഹി സോങ് ആൻഡ് ഡ്രാമ ഡിവിഷൻ എന്നിവിടങ്ങളിലെ കലാകാരനായിരുന്ന കൃഷ്ണൻ പണിക്കരിൽ നിന്നും സംഗീതം അഭ്യസിച്ചു.
ബന്തടുക്ക സ്കൂളിൽ പഠിക്കുമ്പോൾ പാട്ടുപാടാൻ നല്ല അവസരങ്ങൾ ലഭിച്ചു. ഹെഡ്മാസ്റ്റർ ആയിരുന്ന പി.വി.സി.നമ്പ്യാർ, സംഗീത അധ്യാപകൻ വേണുഗോപാലൻ, കേശവൻ നമ്പൂതിരി, മുത്തണ്ണ, ദാസ്, തുടങ്ങിയ അധ്യാപകരെല്ലാം ആത്മവിശ്വാസം പകർന്നു. നിരവധി വേദികളിലും ഗാനമത്സരങ്ങളിലും തിളങ്ങാൻ ധനഞ്ജയന് കഴിയുകയും പല മത്സരങ്ങളിലും മികച്ച പാട്ടുകാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മർച്ചന്റ് അസോസിയേഷൻ, മംഗളം കലാസാഹിത്യവേദി അംഗീകാരങ്ങൾ ലഭിച്ചു. ആകാശവാണിയിൽ ഗായകനായിരുന്ന ഇദ്ദേഹം കാസറ്റുകൾക്ക് വേണ്ടിയും പാടിയിട്ടുണ്ട്. അർഹിക്കുന്ന അംഗീകാരമോ പ്രശസ്തിയോ ഈ മികച്ച സംഗീതജ്ഞനെ ഇനിയും തേടിയെത്തിയിട്ടില്ല. നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയ ഈ തെയ്യക്കാരന് നീലേശ്വരം കോവിലകത്ത് നിന്നും പണിക്കർ സ്ഥാനം നൽകി ആദരിച്ചു. പുഷ്പലതയാണ് ഭാര്യ.
