ദുബായ് ദേരയിൽ തീപിടിത്തം; മലപ്പുറം സ്വദേശികളായ ദമ്പതികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം

  • Post category:Gulf / news / obitury
  • Reading time:1 min read
You are currently viewing ദുബായ് ദേരയിൽ തീപിടിത്തം; മലപ്പുറം സ്വദേശികളായ ദമ്പതികളടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം

ദുബായ്: ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർക്ക് ദാരുണാന്ത്യം. ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണവിവരം ദുബൈ സിവിൽ ഡിഫൻസ് വക്താവ് സ്ഥിരീകരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. സ്‌കൂൾ അധ്യാപികയാണ് ജിഷി. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലാണ്.

ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്‌ച ഉച്ചതിരിഞ്ഞാണ് സംഭവം. അഞ്ച് നില കെട്ടിടത്തിൻ്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിൻ്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം.

രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം. അപകടത്തില്‍ 16 പേർ മരിച്ചതായും മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി കേരളത്തിലെ മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് വ്യക്തമാക്കി. അപകടകാരണങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

0Shares